വയനാട്:മാനന്തവാടിയിൽ കാൽനടയാത്രികയുടെ മാല പിടിച്ചു പറിച്ച കേസില്‍ യുവാവും വനിത സുഹൃത്തും അറസ്റ്റില്‍. കുപ്രസിദ്ധ മോഷ്‌ടാവ് സച്ചു എന്ന സജിത്ത് കുമാർ ജിമ്മൻ (37), സുഹൃത്തും കൂട്ടുപ്രതിയുമായ മുതലമ്മാൾ (35) എന്നിവരാണ് താമരശേരിയിൽ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആനന്ദിൻ്റെ നിർദേശപ്രകാരം മാനന്തവാടി ഡിവൈഎസ്‌പി പി എൽ ഷൈജുവിൻ്റെ മേൽനോട്ടത്തിൽ മാനന്തവാടി സിഐ എം എം അബ്‌ദുൾ കരീമടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
കവർച്ചയ്ക്ക് ശേഷം ബൈക്കിൽ കടന്നു കളയുന്നതിനിടെയാണ് ഇരുവരും പൊലീസിൻ്റെ പിടിയിലായത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 37 ഓളം കേസുകളിലെ പ്രതിയാണ് സജിത്ത്. ബൈക്കിലെത്തി മാല കവരുന്ന രീതിയാണ് ഇയാളുടേത്. സംഭവം നടന്ന ബുധനാഴ്‌ച വൈകിട്ടോടെ പ്രതിയായ സജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച പൊലീസിന് സജിത്തും വനിത സുഹൃത്തും ബാവലി ചെക്ക് പോസ്റ്റ് കടന്ന് ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യം ലഭിച്ചിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞതോടെ സിഐ അബ്‌ദുൾ കരീമിൻ്റെ നേതൃത്വത്തിൽ പൊലീസ് ക്രൈം സ്ക്വാഡ് അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘം അതിർത്തികൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മുതലമ്മാൾ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താമരശ്ശേരി പൊലീസിൻ്റെ സഹായത്തോടെ അവരേയും പൊലീസ് പിടികൂടി.
പ്രിയം മാലകളും ബൈക്കും:32 കേസുകളിൽ പ്രതിയായിരുന്ന സജിത്ത് ജയിലിലായിരുന്നു. 2022 നവംബറിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും ഇയാൾ ആറോളം കേസുകളിൽ പ്രതിയായിട്ടുണ്ട്. 2022 നവംബറിൽ നാഗമ്പടത്തെ ബൈക്ക് മോഷണം, അതിനടുത്ത ദിവസം ചിങ്ങവനത്ത് മാല കവർച്ച, ഡിംസംബറിൽ ചങ്ങനാശ്ശേരിയിലെ ഉത്സവ സ്ഥലത്ത് വൃദ്ധയുടെ മാല കവർച്ച, ജനുവരിയിൽ ചങ്ങനാശേരിയിൽ യാത്രക്കാരിയുടെ അഞ്ചര പവൻ്റെ മാല കവർച്ച, അതേ മാസം ഗുരുവായൂരിൽ മറ്റൊരു സത്രീയുടെ 3 പവൻ്റെ മാല കവർച്ച എന്നിങ്ങനെയാണ് ഏറ്റവും അവസാനം സജിത്തിനെതിരെയുള്ള കേസുകൾ.
കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലെ പിടിച്ചുപറി, മോഷണ കേസുകളിലെ പ്രതിയായിരുന്നു ഇയാൾ. പിടികൂടാൻ ശ്രമിക്കുമ്പോഴൊക്കെ പൊലീസിനെ വിദഗ്‌ധമായി വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകൾ ഉള്ളത്.
മോഷ്‌ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ഇയാൾ പിടിച്ചുപറി നടത്തിയിരുന്നത്. പൊലീസിനെ കബളിപ്പിക്കാൻ ബൈക്കിന് വ്യാജ നമ്പർ പിടിപ്പിച്ചും വേഷം മാറിയും സഞ്ചരിക്കും. സ്ഥിരമായ താമസ സ്ഥലമില്ലാത്ത ഇയാൾ പുറമ്പോക്ക് സ്ഥലങ്ങൾ, ആളില്ലാത്ത വീടുകൾ എന്നിവിടങ്ങളിലാണ് താമസിക്കുക. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലാത്തതിനാലും ഇയാളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. പ്രതി പിടിയിലായതോടെ കൂടുതൽ കേസുകൾ തെളിയുമെന്നാണ് സൂചന.
also read: തോക്കുകളുമായി ഇരച്ചെത്തി, അലാറം മുഴക്കിയതോടെ സ്ഥലം വിട്ടു; ഒഴിവായത് വൻ കവർച്ച ശ്രമം