വയനാട് :എഴുത്തുകാരി പി വത്സലയെ സ്മരിച്ച് കല്‍പ്പറ്റയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം (Nava Kerala Sadas Wayanad). താന്‍ വയനാട്ടില്‍ നില്ക്കുമ്പോള് മനസിലേക്ക് ആദ്യം എത്തുന്നത് വത്സല ടീച്ചര്‍ ആണെന്നും അവരിലൂടെ വലിയ ലോകം വയനാടിനെ അറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഇവിടുത്തെ ജീവിതത്തെയും പ്രകൃതിയേയും സംസ്കൃതിയേയും ജന മനസുകളില്‍ പ്രതിഷ്ഠിക്കുന്നതില്‍ വലിയ പങ്കാണ് അവര്‍ വഹിച്ചിട്ടുള്ളത്. ഔപചാരികമായ അനുശോചനം ഇന്നലെ അറിയിക്കുകയുണ്ടായി. പക്ഷേ, വയനാട്ടില്‍ വച്ച് ആ സ്മരണകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ' - മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പും ജാഗ്രതാനിര്‍ദേശവും : സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മഴപെയ്ത് വെള്ളം പൊങ്ങിയ സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കങ്ങളെ കുറിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയുണ്ടായി. 'ഇന്നലെ രാത്രി സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ പെയ്തിട്ടുണ്ട്. ഇന്നും നാളെയും ഉച്ചയ്ക്ക് ശേഷം മഴ പ്രതീക്ഷിക്കുന്നുമുണ്ട്. ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് ഇത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത ഉള്ളതിനാല്‍ മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിലാണ് ബുദ്ധിമുട്ടുള്ളത്. കൊല്ലത്ത് മുന്‍കരുതല്‍ എന്ന നിലയ്ക്ക് 38 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഓരോ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ആ സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ല എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ക്ക് പുറമെ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകളും പ്രവര്‍ത്തനക്ഷമമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമല തീര്‍ഥാടനം തടസമില്ലാതെ പുരോഗമിക്കുന്നു. ശബരിമല ദര്‍ശനത്തിനായി കടന്നുവരേണ്ട നാല് ജില്ലകളില്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. തൃശൂരില്‍ ചില ഭാഗങ്ങളില്‍ അല്പം വെള്ളക്കെട്ടുണ്ട്. പത്തനംതിട്ടയില്‍ കൃഷിനാശം ഉണ്ടായി. 15 പ്രദേശങ്ങളില്‍ കഴിഞ്ഞ എട്ട് മണിക്കൂറിനുള്ളില്‍ 100 മില്ലിമീറ്ററില്‍ അധികം മഴ പെയ്തിട്ടുണ്ട്.
പ്രധാന അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ അണക്കെട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടി ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാൽ അപകടകരമായ അവസ്ഥ ഇല്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ ഡാമുകള്‍ തുറക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് രാവിലെ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്' -മുഖ്യമന്ത്രി വ്യക്തമാക്കി.
നവകേരള സദസ്, ജനപങ്കാളിത്തം കൊണ്ട് 'റെക്കോഡ്' :'നവകേരള സദസ് രണ്ടുജില്ലകള്‍ പിന്നിട്ട് ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തുകയാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തവും സ്വീകാര്യതയും സമാനതകളില്ലാത്ത ബഹുജന മുന്നേറ്റം എന്ന നിലയിലേക്ക് നവകേരള സദസിനെ മാറ്റിയിരിക്കുന്നു. 140 നിയോജക മണ്ഡലങ്ങളിലെയും പര്യടനം ഡിസംബര്‍ 23 ന് തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ബഹുജന സംവാദ പരിപാടി എന്ന റെക്കോര്‍ഡിലേക്കാണ് നവകേരള സദസ് ഉയരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
16 മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ് ചേര്‍ന്നത്. ഇതില്‍ നാല് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ എതിര്‍പ്പുന്നയിച്ച് എംഎല്‍എമാര്‍ ബഹിഷ്കരിച്ച ആ നാല് മണ്ഡലങ്ങളിലുള്‍പ്പടെ സംഘാടക സമിതികള്‍ പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് ജനങ്ങളാണെത്തിയത്. ഒരു ബഹിഷ്കരണാഹ്വാനവും ഏശിയില്ല. എന്ന് മാത്രമല്ല, വലിയ തോതിൽ അപവാദം പ്രചരിപ്പിച്ചവര്‍ അപഹാസ്യരാവുകയും ചെയ്തു. ബഹിഷ്കരണാഹ്വാനവും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് മഹാപ്രവാഹമായി ജനങ്ങള്‍ എത്തുമ്പോള്‍ മനക്കോട്ട തകര്‍ന്നതിന്റെ മനോവിഭ്രാന്തിയാണ് ചിലര്‍ക്ക്'.
പ്രതിപക്ഷ നേതാവിന് വിമര്‍ശനം :'നാടിന്റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടി തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പ്രതിപക്ഷ നേതാവിന്റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നത് (Nava Kerala Sadas at Wayanad CM criticized VD Satheesan).
എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണുന്നയിക്കുന്നത്?. 'ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ' എന്നാണദ്ദേഹം ചോദിക്കുന്നത്. ഈ പരിപാടിയില്‍ എവിടെയാണ് കള്ളപ്പിരിവ്? ജനങ്ങൾ പങ്കെടുക്കുന്നതില്‍ അദ്ദേഹത്തിനുള്ള അസഹിഷ്ണുതയാണ് ഇതെല്ലാം കാണിക്കുന്നത്.