വയനാട്: കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ പദ്ധതിയുമായി നബാർഡ്. പദ്ധതിയുടെ ഭാഗമായുള്ള നാല് വർഷത്തെ മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് വയനാട്ടിൽ തുടക്കമായി. കൽപ്പറ്റ പുത്തൂർ വയലിൽ എം.എസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് ജർമൻ ബാങ്കിന്‍റെ സാമ്പത്തിക സഹായത്തോടെ നബാർഡ് പദ്ധതി നടപ്പിലാക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ പദ്ധതിയുമായി നബാർഡ് - വയനാട് വാർത്ത
കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
3000 ഹെക്‌ടർ പ്രദേശത്ത് ശാസ്‌ത്രീയ ജല സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുക, കാർഷിക വരുമാനം 25 ശതമാനം കൂട്ടുക, നാലായിരത്തോളം കർഷകർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങൾ ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗവേഷകനായ ഡോക്‌ടർ വി.ആർ ഹരിദാസ് പറഞ്ഞു. വയനാട്ടിൽ സൂചിപ്പാറ, ബ്രഹ്മഗിരി പ്രദേശങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റി എന്നീ സംഘടനകളാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.