വയനാട്ടില്‍ കുരങ്ങ് പനി; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമെന്ന് ഡിഎംഒ
ജില്ലയിൽ ഇതുവരെ 1231 പേർക്ക് കുരങ്ങ് പനി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ആറ് പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടുളളത്.
മാനന്തവാടി: കുരങ്ങ് പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാണെന്ന് വയനാട് ഡിഎംഒ കെ രേണുക. കാടിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലും കർണാടക അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലും ക്ലാസുകളും പ്രതിരോധ കുത്തിവയ്പും ഊർജിതമാക്കിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു. ജില്ലയിൽ ഇതുവരെ 1231 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ആറ് പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ട് പേർ മരിച്ചു. നേരത്തെ കുരങ്ങ് പനി ബാധിച്ച് മരിച്ച തിരുനെല്ലി അപ്പപ്പാറ സ്വദേശി സുന്ദരന്‍റെ ബന്ധുവാണ് കഴിഞ്ഞ ദിവസം മരിച്ച സുധീഷ്. ആത്താറ്റുകുന്ന് കാട്ടുനായ്ക്കർ കോളനി നിവാസികളായിരുന്നു ഇരുവരും. കർണാടകത്തിലെ ബൈരക്കുപ്പയിൽ ജോലിക്ക് പോയവർക്കാണ് കുരങ്ങ് പനി പിടിപെട്ടത്.