വയനാട്ടിലെ മൈസൂരു റോഡ് കവല, ഇനി ഇന്ത്യൻ വനിത ട്വന്‍റി ട്വന്‍റി ആദ്യ മലയാളി ക്രിക്കറ്റ് താരമായ മിന്നുമണിയുടെ പേരില്‍ അറിയപ്പെടും. മിന്നുമണിയും മാനന്തവാടി നഗരസഭ അധ്യക്ഷ സികെ രത്‌നവല്ലിയും ചേര്‍ന്ന് ഇന്ന് ജങ്‌ഷന്‍റെ ബോർഡ് അനാഛാദാനം ചെയ്‌തു. മാനന്തവാടി നഗരസഭ ഭരണ സമിതിയുടെ തീരുമാന പ്രകാരമാണ് മിന്നുമണി ജങ്‌ഷൻ എന്ന് നാമകരണം ചെയ്‌തത്.
മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് ഉജ്വല സ്വീകരണവും മിന്നുമണിക്ക് നല്‍കി. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും തുറന്ന വാഹനത്തിലാണ് മിന്നുമണിയെ സമ്മേളന വേദിയില്‍ എത്തിച്ചത്. കളരിപ്പയറ്റ് സംഘം, അനുഷ്‌ഠാന കലകള്‍, വാദ്യമേളങ്ങള്‍ എന്നിവയും ഘോഷയാത്രയിലുണ്ടായിരുന്നു. അതേസമയം, മിന്നുമണിയുടെ പേര് ജങ്‌ഷന്‍റെ പേരായതോടെ അഭിനന്ദനവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് രംഗത്തെത്തി. 'കേരളത്തിലെ വയനാട്ടിലുള്ള ഈ ജങ്‌ഷന്‍, നിനക്ക് സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ഒരു ഓർമ്മപ്പെടുത്തലായി നിലകൊള്ളട്ടെ. ട്വന്‍റി ട്വന്‍റി കന്നി കളിയിലെ അസാധാരണ പ്രകടനത്തില്‍ മിന്നുമണിയെ ആദരിച്ചുകൊണ്ട് നാട് അവളെ അദ്‌ഭുതപ്പെടുത്തി.' - ഡല്‍ഹി ക്യാപിറ്റല്‍സ്, ജങ്‌ഷന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്‌തു.
ആദിവാസിക്കുടിലില്‍ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക്:ഒരു സിനിമാക്കഥ പോലെ വിസ്‌മയം നിറഞ്ഞതാണ് മാനന്തവാടിക്കടുത്ത് ചോയിമൂലയിൽ കുറിച്യ ആദിവാസി വിഭാഗത്തിൽപ്പെട്ട മിന്നുമണിയുടെ ജീവിതം. വലിയൊരു സ്വപ്‌നമാണ് താരത്തിന്‍റെ സ്‌പോര്‍ട്‌സ് കരിയറില്‍ യാഥാർഥ്യമായത്. ഇന്ത്യൻ വനിത എ ക്രിക്കറ്റ് ടീമിൽ ഇടംനേടിയത് മിന്നു മണിയുടെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു. 2019 ഒക്‌ടോബറില്‍ ബംഗ്ലാദേശില്‍ അടക്കം കളിക്കാന്‍ താരത്തിനായി.
READ MORE |കുടിലില്‍ നിന്ന് ക്രിക്കറ്റ് മൈതാനത്തേക്ക്; മലയാളത്തിന്‍റെ മുത്താണ് മിന്നുമണി
കേരളത്തിനുവേണ്ടി അണ്ടർ-16 മുതൽ സീനിയർ കാറ്റഗറി വരെയുള്ള എല്ലാ ടീമുകളിലും ഈ 23കാരി ഓൾറൗണ്ടർ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ബോർഡ് പ്രസിഡന്‍റ് ഇലവനിലും മിന്നുമണി ഇടംനേടിയിരുന്നു. ഈ മത്സരത്തിലെ മികച്ച പ്രകടനമാണ് എ ടീമിലേക്ക് അവസരമൊരുക്കിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ മികച്ച വനിത താരം, മികച്ച ജൂനിയര്‍ താരം, മികച്ച യുവതാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ മിന്നുമണി സ്വന്തമാക്കിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ അച്ഛന്‍ മണി, അമ്മ വസന്ത, അനുജത്തി എന്നിവര്‍ക്കൊപ്പം ചോയിമൂലയിലെ കൊച്ചുവീട്ടിലാണ് മിന്നുവിന്‍റെ താമസം.