വയനാട്: കര്‍ഷകര്‍ക്ക് കൃഷി നടത്താനുളള സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൃഷിയിടങ്ങളില്‍ അതത് പ്രദേശത്തെ തൊഴിലാളികളെ ഉപയോഗിക്കണം. ഇവര്‍ സാമൂഹിക അകലം പാലിക്കണം. മറ്റിടങ്ങളില്‍ സ്വന്തമായി കൃഷി ഭൂമിയുള്ളവര്‍ക്കെത്താന്‍ ജില്ലാ ഭരണകൂടം പാസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്ക് സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ - സാമൂഹിക അകലം
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് കലക്‌ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു
നിലമുഴുന്നതിനും വളങ്ങള്‍ കൊണ്ടുപോകുന്നതിനും ട്രാക്‌ടര്‍, ടില്ലര്‍ തുടങ്ങിയവ ഉപയോഗിക്കാം. വാഹനത്തില്‍ ഡ്രൈവര്‍, ഉടമസ്ഥന്‍ എന്നിവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. യാത്ര ചെയ്യുന്നവരുടെ പേര്, ഫോട്ടോ, വാഹന നമ്പര്‍, കൃഷി ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ അതത് കൃഷി ഭവനില്‍ സമര്‍പ്പിച്ച് സാക്ഷ്യപത്രം വാങ്ങണം. ഇത് ബന്ധപ്പെട്ട വില്ലേജുകളില്‍ സമര്‍പ്പിച്ചാല്‍ യാത്രാ പാസ് ലഭിക്കും. സാക്ഷ്യപത്രവും പാസും യാത്രാവേളയില്‍ നിര്‍ബന്ധമായും കൈവശം കരുതണം. ലോക് ഡൗണ്‍ സാഹചര്യത്തില്‍ കാര്‍ഷിക വൃത്തി മാറ്റിവെക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൃഷി നടത്തുന്ന ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.