വയനാട്:സേവനത്തിന്‍റെ കാര്യത്തിൽ ദേശീയതലത്തിൽ മികച്ച റാങ്ക് നേടി ശ്രദ്ധേയമായിരിക്കുകയാണ് വയനാട്ടിലെ മീനങ്ങാടി പൊലീസ് സ്റ്റേഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പട്ടികയിൽ അറുപത്തിനാലാം സ്ഥാനമാണ് മീനങ്ങാടി പൊലീസ് സ്റ്റേഷനുള്ളത്. രാജ്യത്തെ 87 പൊലീസ് സ്റ്റേഷനുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പട്ടികയിൽ ഇടം നേടിയത്. ഇടുക്കിയിലെ വണ്ടൻമേട് പൊലീസ് സ്റ്റേഷനാണ് ഇരുപത്തിയാറാം റാങ്കിലുള്ളത്. രാജസ്ഥാനിലെ കാളു പൊലീസ് സ്റ്റേഷനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ദേശീയതലത്തിൽ വിജയം കൈവരിച്ച് മീനങ്ങാടി പൊലീസ് സ്റ്റേഷൻ - wayanad-
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പട്ടികയിലിടം നേടി വയനാടിലെ മീനങ്ങാടി പൊലീസ് സ്റ്റേഷന്‍
പരിസ്ഥിതി സൗഹൃദ പൊലീസ് സ്റ്റേഷനാണ് മീനങ്ങാടിയിലേത്. വൈഫൈ സൗകര്യം, വനിതാ ഹെൽപ്പ് ഡെസ്ക്, വയോജന ഹെൽപ്പ് ഡെസ്ക് എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പരാതി നൽകാൻ എത്തുന്നവരുടെ സൗകര്യത്തിന് പബ്ലിക് റിലേഷൻ ഓഫീസറുമുണ്ട്. സ്റ്റേഷൻ പരിധിയിലെ വനിതകൾക്കായി സ്വയം രക്ഷാപരിശീലനവും സംഘടിപ്പിച്ചിരുന്നു. ലോക്കപ്പ് മുറിയുടെ വൃത്തിയും, അന്വേഷണങ്ങളും, പരാതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആധുനികരീതിയിൽ യഥാസമയം സൂക്ഷിക്കുന്നതുമെല്ലാം റാങ്കിംഗിൽ ഇടം നേടാൻ സ്റ്റേഷനെ സഹായിച്ചു.
അതേസമയം സ്ഥലപരിമിതി വീർപ്പുമുട്ടിക്കുന്ന സ്റ്റേഷനാണ് മീനങ്ങാടി. റോഡിനോട് ചേർന്ന് ആറ് സെന്‍റ് സ്ഥലത്താണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്വന്തമായി കിണറോ കേസിലകപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതും സ്റ്റേഷനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്റ്റേഷൻ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴും തീരുമാനമൊന്നുമായിട്ടില്ല. റാങ്കിങ്ങിനെ പറ്റി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം സ്റ്റേഷനിൽ കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ അതേപറ്റി പ്രതികരിക്കാൻ ഉദ്യോഗസ്ഥർ ആരും തയാറായിട്ടില്ല.