വയനാട്: ജില്ലയില്‍ ജനജീവിതം ദുസ്സഹമാക്കി വന്യജീവി ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വന്യജീവികളുടെ പെരുപ്പം പരിശോധിക്കുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാക്കുന്നതിനും അതിര്‍ത്തി സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്‌ത് സംയുക്ത കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത് പരിഗണനയിലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി കലക്‌ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്നതാണ് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളുമെന്നതിനാല്‍ മൃഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക പതിവാണ്. 12,000 ച. കിലോമീറ്റര്‍ വിസ്‌തൃതിയുള്ള ഈ വന്യജീവി സങ്കേതങ്ങളിലെ കടുവ, ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പും ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനുള്ള മാര്‍ഗങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനത്തോടു കൂടിയേ സാധ്യമാകുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളുന്നത് പരിഗണനയിലാണെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
വന്യജീവികള്‍ക്ക് കാട്ടിനകത്ത് സുഭിക്ഷമായ ഭക്ഷണം ലഭിക്കുന്നതിന് ഭീഷണിയായ മഞ്ഞക്കൊന്ന പിഴുതു മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവ ശാസ്ത്രീയമായി പിഴുതു മാറ്റുന്ന പ്രക്രിയ നാലഞ്ചു വര്‍ഷം എടുക്കുന്നതാണ്. രണ്ടാഴ്‌ചയ്ക്കകം ഇതിനുളള നടപടികള്‍ തുടങ്ങും. സംസ്ഥാന തലത്തില്‍ 46 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ തേക്ക്, യൂക്കാലി തുടങ്ങിയ ഏകവിള തോട്ടങ്ങള്‍ക്കു പകരം സ്വാഭാവിക വനങ്ങള്‍ വച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.
വില്ലനായ മഞ്ഞക്കൊന്ന: മഞ്ഞക്കൊന്ന മറ്റ് സസ്യങ്ങളെ വളരാൻ അനുവദിക്കില്ല. വയനാടൻ കാടുകളിൽ ഏകദേശം 40 കിലോമീറ്ററോളം ഈ മഞ്ഞക്കൊന്നകണ വ്യാപിച്ചിരിക്കുന്നു. അതിനാൽ, സസ്യഭുക്കുകളായ വന്യമൃഗങ്ങളുടെ സാന്നിധ്യം മഞ്ഞക്കൊന്ന വളരുന്ന സമീപത്ത് ഇല്ലാതെയായി. ഇത് മൂലം ഇരതേടി എത്തുന്ന കടുവയ്‌ക്കും പുലിയ്‌ക്കുമൊന്നും ഭക്ഷണം കിട്ടാത്ത സ്ഥിതിയായി. വന്യജീവികൾ പലതും നാട്ടിലേക്ക് ഇറങ്ങുന്നതിന് ഇത് കാരണമായെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
മാസ്റ്റര്‍ പ്ലാന്‍ 31നകം: ജില്ലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാനിന്‍റെ കരട് ഈ മാസാവസാനത്തോടെ തയ്യാറാകും. രണ്ട് മാസം മുമ്പ് സുൽത്താൻ ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനമായിരുന്നു ഇത്. കരട് പ്ലാന്‍ ജനപ്രതിനിധികളുമായും വിവധ കക്ഷികളുമായും ചര്‍ച്ച ചെയ്‌ത ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും.
ഹ്രസ്വ, ദീര്‍ഘകാലങ്ങളില്‍ ഫലപ്രദമാകുന്ന രീതികളിലുളള പദ്ധതികളാണ് കരട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ചില നടപടികള്‍ അടിയന്തരമായി തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.