വയനാട്:പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാപ്പിക്കളം കുറ്റിയാം വയലിന് സമീപം അമ്പായത്തടയില്‍ വാടകയ്ക്ക് താമസിക്കുന്ന ആദിവാസി വീട്ടമ്മയേയും പിഞ്ചു കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകള്‍ സാധനസാമഗ്രികള്‍ കവര്‍ന്നതായി പരാതി. യുഎപിഎ, ആയുധ നിയമ പ്രകാരം പൊലീസ് കേസെടുത്തു. ഫെബ്രുവരി 28ന് ഉച്ചയ്ക്ക് തോക്കേന്തിയ ഒരു പുരുഷനും, സ്ത്രീയുമാണ് വന്നതെന്നാണ് വീട്ടമ്മയായ ഗീത പറയുന്നത്.
കഴുത്തിന് കുത്തി പിടിച്ച് തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, ഭയന്നു കരഞ്ഞ നാലരവയസുകാരന്‍റെ വായ അവര്‍ പൊത്തി പിടിച്ചതായും പരാതിയുണ്ട്. പിന്നീട് അടുക്കളയിലുണ്ടായിരുന്ന പലചരക്ക് സാധനവും, കുട്ടികളുടെ ഭക്ഷ്യവസ്‌തുക്കളും കവര്‍ന്നതായും ഗീത പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയും, ആയുധ നിയമ പ്രകാരവും കൂടാതെ മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരവും പോലീസ് കേസെടുത്തു. ഫെബ്രുവരി 28ന് നടന്ന സംഭവം ഭയം കാരണമാണ് ഇവര്‍ പുറത്ത് പറയാതിരുന്നത്.
ഗീതയുടെ വീട് വനമേഖലയോട് ചേര്‍ന്നത്: ഇവര്‍ താമസിക്കുന്ന സ്ഥലം ഒറ്റപ്പെട്ടതും, വന മേഖലയോട് ചേര്‍ന്നതുമാണ്. സംഭവ സമയം ഭര്‍ത്താവ് ഗോപി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഗീത പറയുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയ സംഘം ഒന്നര മണിക്കൂറോളം ഗീതയുടെ വീട്ടില്‍ ചെലവഴിച്ചു.
"ഞങ്ങള്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്നവര്‍": തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച ശേഷം പലചരക്ക് സാധനങ്ങളും, ബേക്കറിയും മറ്റുമെടുത്ത് പുറക് വശത്തെ വനത്തിനുള്ളിലേക്ക് നടന്നു പോയെന്ന് ഗീത പരാതിയില്‍ പറയുന്നു. വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ സംഘം തങ്ങള്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്നവരാണെന്നും, വീട്ടിലെത്തിയ കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭയപ്പെടുത്തിയതിനാലാണ് ഇതുവരെ വിവരം പൊലീസില്‍ അറിയിക്കാതിരുന്നതെന്നും, സാധനങ്ങള്‍ എടുത്ത് വയ്ക്കാന്‍ ബാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ വേറെയും തോക്കുകള്‍ കണ്ടതായും ഗീത പറയുന്നുണ്ട്.
ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിഗതികള്‍ വിലയിരുത്തി: കൂടാതെ ഒരു മകനെ അവരുടെ കൂടെ നിര്‍ത്തി ഗീതയോട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ കൈയില്‍ പണമില്ലെന്ന് പറഞ്ഞതോടെ മാവോയിസ്റ്റുകള്‍ പിന്‍വാങ്ങുകയായിരുന്നു. ഇന്നലെയാണ് ഗീത പടിഞ്ഞാറത്തറ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും, പ്രത്യേക സംഘവും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ലക്കിടി മാവോയിസ്റ്റ് വെടിവയ്പ്പിന് ഇന്ന് നാലാം വാര്‍ഷികം: ലക്കിടിയിലെ മാവോയിസ്റ്റ് വെടി വയ്പ്പിന്‍റെ നാലാം വാര്‍ഷികമാണ് ഇന്നെന്നുള്ള പ്രത്യേകതയുമുണ്ട്. 2019 മാര്‍ച്ച് ആറിനായിരുന്നു ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ മാവോയിസ്റ്റ് സി പി ജലീലിന്‍റെ മരണത്തിനിടയാക്കിയ വെടി വയ്പ്പ് നടന്നത്. ഈ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.
എന്നാല്‍ കുറ്റപത്രം ഇതുവരേയും സമര്‍പ്പിച്ചിട്ടില്ല. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഹംസയുടെ മകനാണ് ജലീല്‍. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ജലീലിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. ഫോറന്‍സിക് ഫലം കണക്കിലെടുക്കാതെയുള്ള മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ജലീലിന്‍റെ സഹോദരന്‍ സി പി റഷീദ് ആവശ്യപ്പെട്ടു.