വയനാട്: തൊണ്ടര്‍നാട് പഞ്ചായത്തിലെ അരിമല കോളനിയില്‍ നാലംഗ സായുധ മാവോയിസ്‌റ്റ് സംഘമെത്തി. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയുടെ വീട്ടില്‍ രാത്രി ഒമ്പത് മണിയോടെയാണ് സംഘമെത്തിയത്. തങ്ങളെത്തിയ കാര്യം പുറത്തു പറയരുതെന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
തുടര്‍ന്ന് ശശിയുടെ മൊബൈല്‍ ഫോണുമെടുത്ത് കാട്ടിലേക്ക് പോയ മാവോയിസ്‌റ്റുകള്‍ തങ്ങളുടെ ആശയ പ്രചരണ ലഘുലേഖകള്‍ പിഡിഎഫ് ആക്കി ശശിയുടെ ഫോണിലുള്ള വിവിധ ഗ്രൂപ്പുകളില്‍ ഇടുകയും ചെയ്‌തിട്ടുണ്ട്. വനം വകുപ്പിന്‍റെ പുതിയ ബീറ്റ് ഫോറസ്‌റ്റ് ഓഫിസര്‍ നിയമനം റദ്ദ് ചെയ്‌ത് പുതിയ വിജ്ഞാപനം നല്‍കണമെന്നും മറ്റുമാണ് സിപിഐ മാവോയിസ്‌റ്റ് ബാണാസുര ഏരിയ കമ്മറ്റിയുടെ പേരിലുള്ള ലഘുലേഖയിലുള്ളത്. തിരിച്ചു പോകുമ്പോള്‍ വീട്ടിലെ പലചരക്ക് സാധനങ്ങളില്‍ ചിലത് കൊണ്ടു പോകുകയും ചെയ്‌തിരുന്നു. മാവോയിസ്‌റ്റ് സംഘത്തിലെ മൂന്നു പേര്‍ ഉണ്ണിമായ, ചന്ദ്രു, സുന്ദരി എന്നിവരാണെന്ന് സൂചനയുണ്ട്.
വിശ്വനാഥന്‍റെ കുടുംബത്തിനെതിരെ മാവോയിസ്‌റ്റ് ബന്ധമെന്ന് ആരോപണം: അതേസമയം, ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ അതൃപ്‌തിയറിച്ച് കുടുംബം രംഗത്തു വന്നിരുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു കുടുംബം ഉന്നയിച്ചത്. തങ്ങളെ പൊലീസ് മാവോയിസ്‌റ്റ് ബന്ധമുള്ളവരായി ചിത്രീകരിക്കുന്നുവെന്ന് വിശ്വനാഥന്‍റെ സഹോദരന്‍ ആരോപിച്ചിരുന്നു.
പൊലീസ് തങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നതിനാല്‍ തങ്ങളെ സഹായിക്കാന്‍ എത്തുന്ന പൊതു- സാംസ്‌കാരിക പ്രവര്‍ത്തകര്‍ പിന്നോട്ട് പോകുകയാണെന്ന് സഹോദരന്‍ പറഞ്ഞു. അന്വേഷണം ആമ ഇഴയുന്നത് പോലെ ഇഴയുകയാണ്. തങ്ങള്‍ക്ക് കേസ് തെളിയുന്നുമെന്ന പ്രതീക്ഷയില്ല എന്നും സഹോദരന്‍ വിനോദ് അറിയിച്ചു.
പാലക്കാട് മധുവിന്‍റെ കേസിലും അന്വേഷണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. അന്വേഷണം ഊര്‍ജിതമാക്കിയാലെ കാര്യമുള്ളു. കാര്യങ്ങള്‍ അത്തരത്തിലാണ് പോകുന്നതെങ്കില്‍ റീ- പോസ്‌റ്റ്‌മോര്‍ട്ടത്തിന് അപേക്ഷിക്കുമെന്ന് സഹോദരന്‍ വ്യക്തമാക്കി.
അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം:നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും തങ്ങളെ മാനസികമായി തളര്‍ത്തി കേസ് അട്ടിമറിക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തങ്ങള്‍ക്കെതിരെ പൊലീസ് മാവോയിസ്‌റ്റ് ബന്ധം ആരോപിക്കുന്നതെന്നും കൊല്ലപ്പെട്ട വിശ്വനാഥന്‍റെ സഹോദരന്‍ ആരോപിച്ചു. വിശ്വനാഥന്‍റെ മരണശേഷം സമൂഹത്തിന്‍റെ നാനാ ഭാഗത്ത് നിന്നുമുള്ള ആളുകളാണ് പിന്തുണയുമായി വീട്ടിലേക്ക് എത്തുന്നത്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍കൊണ്ട് നിശബ്‌ദരാവില്ലെന്നും കൊലയാളികളെ കണ്ടെത്തുന്നതു വരെ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിനോദ് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കുടുംബത്തിന് നല്‍കാനെത്തിയ മന്ത്രി കെ രാധാകൃഷ്‌ണനോട് കുടുംബം തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയ്‌ക്ക് കുടുംബം നിവേദനം നല്‍കിയിരുന്നു. എന്നാല്‍, വിശ്വനാഥന്‍റെ കൊലപാതകികളെ കണ്ടെത്തുവാന്‍ കാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
താന്‍ പണം മോഷ്‌ടിച്ചെന്നും കള്ളന്‍ ആണെന്നും പുറത്ത് നില്‍ക്കുന്ന ചിലര്‍ പറഞ്ഞതായി വിശ്വനാഥന്‍ സെക്യൂരിറ്റി ജീവനക്കാരോട് പറഞ്ഞെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നൂറിലധികം ആളുകളെ നേരില്‍ കണ്ട് പൊലീസ് നേരിട്ട് മൊഴിയെടുത്തിട്ടുണ്ട്. കൂടുതല്‍ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.