വയനാട്: വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീൽ വെടിയുതിർത്തിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനാ ഫലം. പൊലീസ് പരിശോധനക്കയച്ച തോക്കിൽ നിന്ന് വെടിയുതിർത്തിരുന്നില്ല എന്നാണ് കണ്ടെത്തൽ. ജലീലിന്‍റെ വലതു കയ്യിലും വെടിമരുന്നിന്‍റെ അംശമില്ല. ഇതോടെ മരണം വ്യാജ ഏറ്റുമുട്ടലിനെ തുടർന്നുണ്ടായ കൊലപാതകമാണെന്ന ആരോപണം ശക്തമാവുകയാണ്. ജലീലാണ് ആദ്യം വെടിവെച്ചതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് ജലീൽ കൊല്ലപ്പെട്ടത്.
മാവോയിസ്റ്റ് നേതാവ് സിപി ജലീൽ വെടിയുതിർത്തിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനാ ഫലം - forensic report reveals
മാവോയിസ്റ്റ് നേതാവ് സിപി ജലീൽ ആദ്യം വെടിയുതിർത്തതെന്ന വാദത്തെ തള്ളുന്നതാണ് പുറത്തു വന്ന ഫോറൻസിക് പരിശോധനാഫലം.
വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇത് ശരിയല്ലെന്നാരോപിച്ച് അന്നു തന്നെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ഉടമയോട് പണം ആവശ്യപ്പെട്ടെന്നും കൊടുക്കാതിരുന്നതിനെ തുടർന്ന് കലഹം ഉണ്ടായെന്നും റിസോർട്ട് നടത്തിപ്പുകാർ വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും തണ്ടർബോൾട്ടും മാവോയിസ്റ്റുകളെ നേരിട്ടു എന്നുമാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം പൊലീസിനെയും സംസ്ഥാന സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മാവോയിസ്റ്റ് കബനീ ദളം നേതാവ് സിപി മൊയ്തീന്‍റെ സഹോദരനാണ് ജലീൽ. റിസോർട്ടിലെ മീൻ കുളത്തിനോട് ചേർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ജലീലിന്‍റെ മൃതദേഹം. അതേ സമയം ജലിൽ കൊല്ലപ്പെട്ടത് വ്യാജ ഏട്ടുമുറ്റലിലൂടെയാണെന്ന് ഇതിലൂടെ വ്യക്തമാക്കുന്നതാണെന്ന് ജലീലിന്‍റെ സഹോദരൻ സിപി റഷീദ് പറഞ്ഞു. ജലീൽ വെടിവെച്ചിട്ടുണ്ടെങ്കിൽ വലതു കൈയിൽ വെടിമരുന്നിന്‍റെ അവശിഷ്ടം കാണേണ്ടിയിരുന്നു. ഇത് കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഇടം കൈയിൽ ലെഡിന്‍റെ അവശിഷ്ടങ്ങളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. വലം കൈയനായ ജലീൽ ഇടം കൈ ഉപയോഗിക്കാറില്ലെന്നും സിപി റഷീദ് പറഞ്ഞു.