വയനാട്:ബാണാസുര വനത്തില്‍ പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്‍റെ മൃതദേഹത്തിന്‍റെ ദൃശ്യം പകര്‍ത്താന്‍ അനുവദിക്കാതെ പൊലീസ്. സംഭവസ്ഥലത്ത് എത്തിയ മാധ്യമ പ്രവർത്തകരെ ബലം പ്രയോഗിച്ചു തടഞ്ഞു. കലക്ടറുടെ നിർദേശം പോലും അനുസരിക്കാതെയാണ് പൊലീസ് മാധ്യമ പ്രവർത്തകരെ തടഞ്ഞത്. അതിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റിന്‍റെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പൊലീസ് മാധ്യമങ്ങളെ തടയുന്നു പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകനാണെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട് തേനി ജില്ലയിലെ സെന്തു-അണ്ണാമലൈ ദമ്പതികളുടെ മകനാണ് ഇദ്ദേഹമെന്നുമാണ് പുറത്തുവരുന്ന വിവരം. മൃതദേഹത്തിന്‍റെ ഫോട്ടോ അടക്കമുള്ള വിവരങ്ങളും തമിഴ്നാട് പൊലീസ് പുറത്തുവിട്ടു. എന്നാല്‍ കേരള പൊലീസ് ഇത് നിരാകരിച്ചു.
സംഭവ സ്ഥലത്ത് നിന്നും പൊലീസ് മൃതദേഹം മാറ്റുന്നു കൊല്ലപ്പെട്ടത് വേൽമുരുകനാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വയനാട് എസ് പി ജി പൂങ്കുഴലി പ്രതികരിച്ചു. മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധന നടത്തിയതിനു ശേഷമേ ഇക്കാര്യം സ്ഥിരീകരികുകയുള്ളു. എന്നും അരമണിക്കൂറോളം ഏറ്റുമുട്ടൽ ഉണ്ടായെന്നും എസ്‌പി പറഞ്ഞു. ഇയാളുടെ ബന്ധുക്കളെ ഇതുവരെ സമീപിച്ചിട്ടില്ല. സുരക്ഷ കാരണങ്ങൾ മുൻ നിർത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാത്തത്. ഒരാൾക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസിൽ ആർക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ധര്‍ പ്രദേശത്ത് പരിശോധന നടത്തും. നാളെയും മേഖലയിൽ തിരച്ചിൽ നടത്തുമെന്നും എസ് പി മാധ്യമങ്ങോട് പറഞ്ഞു. ആറുപേരാണ് മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായത് എന്നും ഇവർ ആരൊക്കെ എന്ന് തിരിച്ചറിഞ്ഞിട്ടില്ല എന്നും അവർ പറഞ്ഞു.
പ്രതികരണവുമായി വയനാട് എസ് പി ജി പൂങ്കുഴലി പൊലീസ് നടപടി സംഭവത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദവും ഉയരുന്നുണ്ട്. സംഭവ സ്ഥലത്തെത്തിയ കണ്ണൂർ ഡിഐജിയോ എസ്‌പിയോ മാധ്യമങ്ങളോട് ഇതുവരെ സംസാരിക്കാൻ തയ്യാറായില്ല. മാത്രമല്ല കൊല്ലപ്പെട്ട വ്യക്തി ആരെന്ന് സംസ്ഥാന പൊലീസ് ഇതുവരെ സ്ഥിരികരിച്ചിട്ടുമില്ല.
കണ്ണൂര്‍ റേഞ്ച് ഐജി ബി. സേതുരാമനും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് മൃതദേഹത്തിന്‍റെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിത്. സംഭവത്തില്‍ നിയമാനുസൃതമായ അന്വേഷണം ഉറപ്പു വരുത്താൻ ജനാധിപത്യ പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആഹ്വനം ചെയ്തു.