വയനാട് :ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച മാനന്തവാടി നഗരസഭയിലെ ഫാമിന്‍റെ സമീപത്ത് വളര്‍ത്തുന്ന നൂറോളം പന്നികളെ ഇന്ന് (ജൂലൈ 27) ദയാവധത്തിന് ഇരയാക്കും. രോഗം സ്ഥിരീകരിച്ചിടത്ത് നിന്നും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള മൂന്ന് ഫാമുകളിലെ പന്നികളെയാണ് കൊലപ്പെടുത്തുക. തവിഞ്ഞാലിലുള്ള ഒരു ഫാമിലെ 350 പന്നികളുടെ ഹ്യുമേന്‍ കള്ളിങ് (Humane culling - വേദനാരഹിതമായ വധം) നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കിയിരുന്നു.
ഒരു ദിവസത്തെ ക്വാറന്‍റൈന്‍ ഇടവേളയ്ക്ക് ശേഷമാണ് റാപിഡ് റെസ്‌പോണ്‍സ് ടീം ബുധനാഴ്‌ച വീണ്ടും മാനന്തവാടിയിലെ ഫാമുകളില്‍ ദയാവധ നടപടികള്‍ പുനരാരംഭിക്കുന്നത്. പന്നികളെ ഫാമുകള്‍ക്ക് അടുത്തുളളതും സൗകര്യപ്രദവുമായ സ്ഥലത്ത് കൂട്ടത്തോടെ സംസ്‌കരിക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കള്ളിങ് നടപടികള്‍ തുടങ്ങുക. ഇതിനായി, എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം:ഇന്ന് രാത്രിയോടെ മൂന്ന് ഫാമുകളിലെയും പന്നികളെയും കൊന്നൊടുക്കും. അതിനുശേഷം, അണുനശീകരണ പ്രവര്‍ത്തനങ്ങളും നടക്കും. നടപടിക്രമങ്ങളുടെ മുന്നോടിയായി മാനന്തവാടി നഗരസഭയില്‍ ജനപ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം എത്രയും വേഗം ലഭ്യക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.