വയനാട് :പ്രണയാഭ്യർഥന നിരസിച്ചതിന് ലക്കിടിയിൽ കോളജ് വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ(man stabs college student in wayanad) പ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവിനും ഒപ്പമെത്തിയ സുഹൃത്ത് ജിഷ്‌ണുവിനുമെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇരുവരെയും പൊലീസ് ലക്കിടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പെൺകുട്ടിയെ കുത്തിയ കത്തി സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. 2018 മുതൽ ഫേസ്‌ബുക്ക് സുഹൃത്തുക്കളാണ് ദീപുവും പെൺകുട്ടിയും. ദീപുവിനെ സുഹൃത്തായി മാത്രമാണ് കരുതുന്നതെന്ന് പറഞ്ഞ് പെൺകുട്ടി വിവാഹാഭ്യർഥന തള്ളിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്താലാണ് പെൺകുട്ടിയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വയനാട്ടിൽ പെൺകുട്ടിക്ക് നേരെ ആക്രമണം; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു Also Read: Girl Stabbed in Wayanad |വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്, ശേഷം ആത്മഹത്യാശ്രമം
പരിക്കേറ്റ 20 വയസുകാരി വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. ലക്കിടി ഓറിയൻ്റൽ കോളജിലെ രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയും പുൽപ്പള്ളി സ്വദേശിനിയുമായ പെൺകുട്ടിക്ക് മുഖത്തും നെഞ്ചിന് താഴെയും സാരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്‌ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കോളജിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പ്രതി ആക്രമിക്കുകയായിരുന്നു.
സുഹൃത്തും ബന്ധുവുമായ ജിഷ്‌ണുവിനൊപ്പം ബൈക്കിലാണ് ദീപു കോളജ് പരിസരത്ത് എത്തിയത്. കോളജിന് സമീപത്തെ റോഡിൽവച്ചായിരുന്നു ആക്രമണം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈത്തിരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൈ ഞരമ്പിന് മുറിവേറ്റ പ്രതിയെ പ്രാഥമിക ചികിത്സ നൽകിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപുവിനൊപ്പമെത്തിയ സുഹൃത്തിനെ അടിവാരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. 23 വയസുകാരനായ ദീപു ദുബൈയിൽ നിന്ന് ഈയിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.