വയനാട് : ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട താലൂക്കിലെ ഹാദി താഴ്വരയ്ക്ക് സമീപം ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിന്‍റെ അരികില്‍ ആദിവാസി മധ്യവയസ്‌കനെ കടുവ കൊന്നു തിന്നു (Tiger attack in Gundlupete). ബന്ദിപ്പൂരിലെ കണ്ടിക്കരെ വന്യജീവി മേഖലയില്‍ താമസിക്കുന്ന ബസവ (54) നെയാണ് കടുവ കൊലപ്പെടുത്തിയത്.
ബസവ ഞായറാഴ്‌ച (ഡിസംബര്‍ 10) കരകൗശല വസ്‌തുക്കള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതായിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തിങ്കളാഴ്‌ചയായിട്ടും ഇയാള്‍ എത്താതായതോടെ ആശങ്കയിലായ വീട്ടുകാര്‍ വനമേഖലയില്‍ തെരച്ചില്‍ നടത്തി. എന്നാല്‍, ഇയാളെ കണ്ടെത്താനായില്ല.
ഒടുവില്‍ ചൊവ്വാഴ്‌ച വനം വകുപ്പിനെ (Forest Department) വിവരമറിയിച്ച് തെരച്ചില്‍ നടത്തിയപ്പോഴാണ് വനമേഖലയുടെ ഭാഗമായ വീരേശ്വര ഗുഡയില്‍ ബസവന്‍റെ മൃതദേഹം മുഖവും ശരീരത്തിന്‍റെ ചെറിയൊരു ഭാഗവുമായി കണ്ടെത്തിയത്. ബന്ദിപ്പൂരിലെ നഞ്ചന്‍ഗുഡു താലൂക്കിലെ ബള്ളൂര്‍ ഹുണ്ടിക്കടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കര്‍ഷക സ്ത്രീയെ കടുവ കൊന്നു തിന്നിരുന്നു. കഴിഞ്ഞ ഒരുമാസത്തില്‍ 3 പേരെയാണ് കര്‍ണാടകയില്‍ കടുവ കൊന്ന് തിന്നത്.
ALSO READ:കാടോത്തിക്കുന്നിൽ കടുവയിറങ്ങി, കർഷകന്‍റെ വളർത്തുനായയെ കൊന്നു
വയനാട്ടില്‍ കടുവ ആക്രമണം: ബത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയില്‍ ഡിസംബര്‍ 9 ന് കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ പ്രജീഷ് (36) ആണ് കൊല്ലപ്പെട്ടത്. പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശരീരം പകുതിയോളം ഭക്ഷിച്ച നിലയില്‍ മൃതദേഹം വയലില്‍ കണ്ടെത്തിയത്. സ്ഥലത്ത് ശരീര അവശിഷ്‌ടങ്ങൾ ചിതറിയ നിലയിലായിരുന്നു.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തില്‍ നരഭോജിയായ കടുവയെ എത്രയും പെട്ടന്ന് വെടി വെച്ച് കൊല്ലണമെന്ന് പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കടുവയെ വെടിവയ്‌ക്കാൻ ഉത്തരവിറക്കിയിരുന്നു. പ്രദേശത്ത് മാസങ്ങളായി വന്യമൃഗങ്ങൾ ഭീതി പടർത്തുകയാണ്. ജില്ലയിൽ ഈ വർഷം കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെടുന്ന രണ്ടാമത്തെ കർഷകനാണ് പ്രജീഷ്.
തുടര്‍ന്ന് കടുവയെ മയക്കു വെടിവച്ച് കൂട്ടിലേക്ക് മാറ്റാനും, ദൗത്യം പരാജയപ്പെട്ടാൽ ആവശ്യമെങ്കിൽ വെടിവച്ചു കൊല്ലാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു പ്രദേശത്ത് കൂടുതല്‍ ക്യാമറകളും പിടികൂടാനായുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമാക്കി. എന്നാല്‍ കടുവയുടെ ഒരു തുമ്പും കണ്ടെത്താന്‍ ഇതുവരെ വനം വകുപ്പിന് സാധിച്ചിട്ടില്ല. കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായവും കൈമാറിയിരുന്നു.
ALSO READ:കടുവ കാണാമറയത്ത് തന്നെ: തെരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്