വയനാട്:വായ്‌പ തട്ടിപ്പിന് ഇരയായെന്ന് പരാതി ഉയര്‍ത്തിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. കേളക്കവല ചെമ്പകമൂല കിഴക്കേയിടയിലത്ത് രാജേന്ദ്രന്‍ നായരാണ് (55) മരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിനെതിരെയാണ് ഇയാള്‍ പരാതി ഉയര്‍ത്തിയിരുന്നത്.
സമീപവാസിയുടെ കൃഷിയിടത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ (മെയ് 29) രാത്രി 10 മണിക്കുശേഷം കാണാതായ ഇയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പുല്‍പ്പളളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 70 സെന്‍റ് സ്ഥലം ഈടുവച്ച് 2016ല്‍ 75,000 രൂപ രാജേന്ദ്രന്‍ വായ്‌പ എടുത്തിരുന്നു. എന്നാല്‍, ഇദ്ദേഹം 25 ലക്ഷം രൂപ വായ്‌പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏകദേശം 35 ലക്ഷത്തോളം രൂപ കുടിശികയുണ്ടെന്നും പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ട്.
രാജേന്ദ്രന്‍ മനോവിഷമത്തിലായിരുന്നെന്ന് നാട്ടുകാര്‍:കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാം ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് തന്നെ വായ്‌പ തട്ടിപ്പിനിരയാക്കിയതെന്നാണ് രാജേന്ദ്രന്‍ ആരോപണം ഉയര്‍ത്തിയത്. വന്‍തുക തനിക്ക് ബാധ്യതയുണ്ടെന്ന് അറിഞ്ഞതുമുതല്‍ ഇദ്ദേഹം മനോവിഷമത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കലക്‌ടറടക്കമുള്ള റവന്യൂ അധികൃതര്‍ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തന്‍റെ പേരില്‍ ബാങ്കില്‍ വന്‍തുക ബാധ്യതയുണ്ടെന്ന് അറിഞ്ഞതുമുതല്‍ ഇദ്ദേഹം മനോവിഷമത്തിലായിരുന്നു.
വായ്‌പാവിതരണത്തില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ക്കെതിരെ ജനകീയ സമര സമിതി ബാങ്കിന് മുന്നില്‍ നടന്ന പ്രക്ഷോഭത്തില്‍ രാജേന്ദ്രന്‍ നായര്‍ സജീവമായി പങ്കെടുത്തിരുന്നു. ശ്രീധരന്‍ നായരുടെയും പരേതയായ ജാനകിയുടെയും മകനാണ് രാജേന്ദ്രന്‍ നായര്‍. വര്‍ഷങ്ങള്‍ മുന്‍പ് വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ മുഖേന ബാധ്യതയെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായിരുന്നു ജാനകിയുടെ മരണം. ജലജയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.