വയനാട്: വയനാട് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തോടെ എൽഡിഎഫ് മുന്നേറുമ്പോൾ ഭരണം ഇക്കുറിയും നിലനിർത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. വലതുപക്ഷ കോട്ടയായി അറിയപ്പെടുന്ന വയനാട്ടിൽ ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന് ഒപ്പമാണ്.
വയനാട്ടിൽ ഭരണം പിടിക്കാനൊരുങ്ങി എൽഡിഎഫ്; നിലനിർത്താൻ യുഡിഎഫ് - udf wayanad
ജില്ലാപഞ്ചായത്ത് രൂപികരിച്ചതിനുശേഷം 2005ൽ ഡിഐസി പിന്തുണയോടെ ഒരിക്കൽ മാത്രം എൽഡിഎഫിന് ഭരണത്തിലേറാൻ സാധിച്ചെങ്കിലും യുഡിഎഫ് ആധിപത്യം തകർക്കാൻ പിന്നീട് സാധിച്ചിട്ടില്ല
യുഡിഎഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്തി തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിന് മേൽക്കോയ്‌മ നേടാൻ സാധിക്കുമ്പോഴും ജില്ലാ പഞ്ചായത്ത് ഭരണം ബാലികേറാമലയായി തുടരുകയാണ്. ജില്ലാപഞ്ചായത്ത് രൂപികരിച്ചതിനുശേഷം 2005ൽ ഡിഐസി പിന്തുണയോടെ ഒരിക്കൽ മാത്രം എൽഡിഎഫിന് ഭരണത്തിലേറാൻ സാധിച്ചെങ്കിലും യുഡിഎഫ് ആധിപത്യം തകർക്കാൻ പിന്നീട് സാധിച്ചിട്ടില്ല. എന്നാൽ ഇക്കുറി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. കേരള കോൺഗ്രസ് എം മുന്നണിയിലെത്തിയതും പ്രതീക്ഷകൾ വർധിപ്പിക്കുന്നു. എന്നാൽ 16 ഡിവിഷനുകളിൽ ഭൂരിഭാഗം സീറ്റും നേടി ഭരണം നിലനിർത്തുമെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്.
തർക്കങ്ങൾ പരിഹരിച്ച് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പ് തർക്കമുണ്ടെങ്കിലും എ ഗ്രൂപ്പുകാരനായ പി.കെ അനിൽകുമാറിനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ മണ്ഡലമെന്ന വിശേഷണം നൽകി യുഡിഎഫ് പ്രചരണം കൊഴുപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾ മുഖ്യ പ്രചരണ വിഷയമാക്കിയാണ് എൽഡിഎഫ് വോട്ടർമാരെ സമീപിക്കുന്നത്.