വയനാട്:കുറക്കൻമൂലയിൽ കടുവ വിഷയവുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കടുവയെ പിടികൂടുന്നതില്‍ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി അധികൃതരെ സമീപിച്ച ഡിവിഷൻ കൗൺസിലര്‍ വിപിൻ പുതിയേടത്ത് ഉള്‍പ്പടെയുള്ള നാട്ടുകാരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തെന്നാണ് നാട്ടുകാരുടെ ആരോപണം. ഒ.ആർ. കേളു എം.എൽ.എ സംഭവ സ്ഥലത്തെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
പ്രതിഷേധവുമായി നാട്ടുകാര്‍ കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിന് നാട്ടുകാർക്കൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും ഇത് പരാതിപ്പെട്ടപ്പോഴാണ് കൗൺസിലറെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതെന്നുമാണ് ആരോപണം. ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
READ MORE:കടുവയെ കുടുക്കാന്‍ കൂടുകൾ മാറ്റി സ്ഥാപിക്കും: ചീഫ് വൈൽഡ് ലൈഫ് വാർഡൻ നേതൃത്വം നല്‍കും
അതേസമയം വനം വകുപ്പിന്‍റെ പ്രത്യേക തെരച്ചിൽ സേന കടുവയ്ക്കായുള്ള തെരച്ചിൽ തുടങ്ങി. വ്യാഴാഴ്ച രാത്രി പയ്യംപിള്ളി പുതിയിടത്ത് കടുവയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സമയം വനം വകുപ്പ് ഉദ്യോഗസ്ഥരാരും തിരിച്ചിലിന് കൂടെ ഉണ്ടായിരുന്നില്ലെന്നും അവർ ആരോപിക്കുന്നു. 180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും നാട്ടുകാരും അടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായാണ് കടുവക്കായി തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ കുറേയേറെ ദിവസങ്ങളായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭീതിപരത്തുന്ന കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. 19 ദിവസത്തിനിടെ കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 18 ആയി. ആട്, പശുക്കിടാവ്, മൂരിക്കിടാവ്, പട്ടി തുടങ്ങിയവയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് കടുവ കൂട്, 20ൽ പരം നിരീക്ഷണ ക്യാമറകൾ, സി.സി ടിവി, പ്രദേശവാസികളുടെ നിരീക്ഷണം ഇവയെല്ലാം വെട്ടിച്ചിറങ്ങിയ കടുവ നാട്ടുകാർക്കും വനം വകുപ്പിനും തലവേദനയായിരിക്കുകയാണ്.