വയനാട്:കൊമ്പന്‍മൂല വനാതിര്‍ത്തിയില്‍ തകര്‍ന്ന ഷെഡുകളില്‍ താമസിക്കുന്ന കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്ക് ഉടന്‍ സുരക്ഷിതമായ താമസസൗകര്യം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. വയനാട് ജില്ല കലക്‌ടര്‍ക്കാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കൊമ്പന്‍ചേരി കാട്ടുനായ്ക്ക കോളനി അന്തേവാസികളുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഉത്തരവ്. വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറും പട്ടിക വര്‍ഗ ജില്ല ഓഫിസറും കമ്മിഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിലെ ചെതലത്ത് 5 ആം മൈലിന് സമീപമാണ് കൊമ്പന്‍ചേരി കാട്ടുനായ്ക്ക കോളനി. ഇവിടെ ഉണ്ടായിരുന്ന 6 കുടുംബങ്ങളെ വന്യജീവി ശല്യം കാരണം താത്ക്കാലികമായി കൊമ്പന്‍മൂലയിലേക്ക് 2016ല്‍ മാറ്റി പാര്‍പ്പിക്കുകയായിരുന്നു. കൊമ്പന്‍മൂലയില്‍ താമസിക്കുന്ന 6 കുടുംബങ്ങളില്‍ 2 പേര്‍ മറ്റ് കോളനികളിലേക്ക് മാറി താമസിച്ചു. ഇനി 4 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്.