കേരളം

kerala

By

Published : Apr 3, 2019, 9:51 PM IST

Updated : Apr 3, 2019, 10:04 PM IST

ETV Bharat / state

രാഹുല്‍ വരുമ്പോൾ വയനാടൻ കാറ്റ് എങ്ങോട്ട് ?

രാഹുൽഗാന്ധിയുടെ വരവോടെ ആവേശപ്പോരാട്ടത്തിന്‍റെ കൊടുമുടിയിലെത്തിയിരിക്കുകയാണ് വയനാട്. സുരക്ഷിത മണ്ഡലമെന്ന നിലയിൽ ആണ് രാഹുൽ വയനാട് തെരഞ്ഞെടുത്തതെങ്കിലും കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കാര്യങ്ങൾ രാഹുൽ ഗാന്ധിയ്ക്ക് അത്ര ശുഭകരമല്ല.

വയനാട് ലോക്‌സഭാ നിയോജകമണ്ഡലം

വയനാട് മണ്ഡലം രൂപീകൃതമായ ശേഷം 2009 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 1,53,439 എന്ന
കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് കോൺഗ്രസിലെ എം ഐ ഷാനവാസ് വയനാട് ചുരം കയറി ഡല്‍ഹിയിലെത്തിയത്.
എൻസിപി സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്‍റെ കടുത്ത വെല്ലുവിളിയെ നിഷ്പ്രഭമാക്കിയായിരുന്നു ഷാനവാസിന്‍റെ വിജയം. എന്നാൽ 2014 കാര്യങ്ങൾ മാറി. ഷാനവാസിന്റെ ഭൂരിപക്ഷം 1,53,439 നിന്നും 20,870 ആയി ചുരുങ്ങി, എതിർ സ്ഥാനാർഥി സിപിഐയിലെ സത്യൻ മൊകേരിക്ക് മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും ലീഡ് നേടാനും കഴിഞ്ഞു.
ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച ലീഡാണ് ഷാനവാസിന് അന്ന് മണ്ഡലം നിലനിർത്താൻ തുണയായത്.
സമാനമായ ഫലസൂചനകൾ തന്നെയാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്.
വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്തും എൽഡിഎഫ് വിജയിച്ചു.


രാഹുൽ വയനാട് മാറ്റുരയ്ക്കാനിറങ്ങുമ്പോൾ മണ്ഡലത്തിലെ വോട്ട് കണക്കുകൾ എങ്ങനെ?

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി 8,666 വോട്ടുകളുടെ ലീഡാണ് മാനന്തവാടിയിൽ നേടിയത്. ഈ പ്രവണത 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചു.
യുഡിഎഫിന്‍റെ ഉറച്ച മണ്ഡലമായി വിലയിരുത്തപ്പെടുന്ന മാനന്തവാടിയിൽ കോൺഗ്രസിന് അടിപതറി. കടുത്ത മത്സരത്തിനൊടുവിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന പികെ ജയലക്ഷ്മിയെ 1307 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ ഒ ആർ കേളു പരാജയപ്പെടുത്തി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് 8,983 വോട്ടിന്‍റെ ലീഡ് നൽകിയ മണ്ഡലമാണ് സുൽത്താൻബത്തേരി. പക്ഷേ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല. കോൺഗ്രസ് സിറ്റിംഗ് എംഎൽഎ ഐസി ബാലകൃഷ്ണൻ 11,198 വോട്ടുകൾക്ക് മണ്ഡലം നിലനിർത്തി.


2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എം ഐ ഷാനവാസിന് 1880 വോട്ടിന്‍റെ ലീഡ്‌ ഉണ്ടായിരുന്ന മണ്ഡലമാണ് കൽപ്പറ്റ . എന്നാൽ 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ സി കെ ശശീന്ദ്രൻ 13,083 വോട്ടുകൾക്ക് യുഡിഎഫിലെ എംവി ശ്രേയാംസ്കുമാറിനെ പരാജയപ്പെടുത്തി.


എം ഐ ഷാനവാസിന് 2385 വോട്ടിന്‍റെ ലീഡാണ് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി നൽകിയതെങ്കിൽ, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇത് ആവർത്തിക്കാനായില്ല. മുസ്ലിം ലീഗിലെ ഉമ്മർ മാസ്റ്റർക്ക് മണ്ഡലത്തിൽ അടിതെറ്റി. 3008 വോട്ടുകൾക്ക് സിപിഎമ്മിലെ ജോർജ് എം തോമസ് മണ്ഡലം പിടിച്ചെടുത്തു.

2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലം എം ഐ ഷാനവാസിന് 18,838 വോട്ട് ലീഡ് നൽകിയെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്‍റെ പികെ ബഷീറിന് അതേ ഭൂരിപക്ഷം നിലനിർത്താനായില്ല. ബഷീറിന്‍റെ ഭൂരിപക്ഷം 12,839 ആയി കുറഞ്ഞു.


എക്കാലവും യുഡിഎഫിന്‍റെ ഉറച്ച കോട്ടയായി കരുതപ്പെട്ടിരുന്ന നിലമ്പൂർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ ഇടത്തേക്ക് ചരിയാൻ തുടങ്ങി. എം ഐ ഷാനവാസിന് 3,266 വോട്ട് മാത്രമാണ് 2014ൽ നിലമ്പൂർ നൽകിയത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായി രംഗത്തിറങ്ങിയ പി വി അൻവർ 11,504 വോട്ടുകൾക്ക് വിജയിച്ച് നിയമസഭയിലെത്തി.


എക്കാലവും കോൺഗ്രസിന്‍റെ ഇളകാത്ത കോട്ട എന്ന ഖ്യാതി കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും വണ്ടൂരിലെ വോട്ടർമാർ കാത്തു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ 12,267 വോട്ടുകളുടെ ഭൂരിപക്ഷം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 23864 വോട്ടായി ഉയർന്നു. കണക്കുകള്‍ പരിശോധിച്ചാൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിന് ചാഞ്ചാട്ടം ഇല്ലാത്ത ഏക നിയമസഭാ മണ്ഡലം വണ്ടൂർ മാത്രമാണ്.

എന്നാൽ എൽഡിഎഫ് തരംഗം ഉണ്ടായ 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 19,525 വോട്ട് മണ്ഡലത്തിൽ കൂടുതൽ നേടാനായെന്നത് യുഡിഎഫ് ക്യാമ്പിന് ആശ്വാസമാണ്.

അതേസമയം കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷന് അഖിലേന്ത്യാ തലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടാൻ യുഡിഎഫ് ക്യാമ്പ് എത്രയും വേഗം ആലസ്യം വിട്ടുണരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

Last Updated : Apr 3, 2019, 10:04 PM IST

ABOUT THE AUTHOR

...view details