വയനാട്: വീശിയടിക്കുന്ന കാറ്റിനൊപ്പം കോടമഞ്ഞിൽ കുളിച്ചൊരു യാത്ര പോകണോ, നേരെ കാറ്റുകുന്നിലേക്ക് പോരൂ. ചുരുങ്ങിയ കാലം കൊണ്ട് സാഹസിക സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറിയിരിക്കുകയാണ് കാറ്റുകുന്ന് മല. 7 വർഷങ്ങൾക്കു മുൻപ് നിർത്തിവച്ച ട്രക്കിങ് കഴിഞ്ഞ ഏപ്രിലിലാണ് പുനരാരംഭിച്ചത്.
സൗത്ത് വയനാട് ഡിവിഷനിൽ കൽപറ്റ റേഞ്ചിന് കീഴിലെ പടിഞ്ഞാറത്തറ സെക്‌ഷനിലാണ് ഈ മല. ബാണാസുര മലനിരകളുടെ ഭാഗമായ കാറ്റുകുന്ന് സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പേരുപോലെ തന്നെ സദാസമയവും വീശിയടിക്കുന്ന കാറ്റാണ് കാറ്റുകുന്നിലെ പ്രത്യേകത.
കോടമഞ്ഞും കാറ്റും വീശി സഞ്ചാരികള്‍ക്ക് പ്രിയങ്കരിയായി കാറ്റുകുന്ന് കാറ്റും കോടമഞ്ഞുമേറ്റുള്ള യാത്ര ചെന്നവസാനിക്കുന്നത് ബാണാസുര സാഗർ റിസർവോയറിന്റെ വിദൂര കാഴ്‌ചയിലേക്കാണ്. ആകാശം തൊടുന്ന പുൽമേടുകളും യാത്രയിലുടനീളം കാണാം. രാവിലെ 8.30ന് ട്രക്കിങ് തുടങ്ങും. വൈകിട്ടു 4.30ന് തിരിച്ചെത്തണം.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍: നേരിട്ടോ ഓൺലൈൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ബാണാസുര ഡാമിനെ സമീപത്തെ കാപ്പിക്കളം മീൻമുട്ടിയിൽ നിന്നാണ് ടിക്കറ്റ് നൽകുക. ഇരുഭാഗത്തേക്കുമായി 12 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ട്രക്കിങ്.
അതിരാവിലെ കോടമഞ്ഞിന്റെ തണുപ്പിലലിഞ്ഞ് മലകയറാൻ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ഒട്ടേറെ സാഹസിക സഞ്ചാരികളാണ് ദിവസേന കാറ്റുകുന്നിലേക്കെത്തുന്നത്. കാറ്റുകുന്നിനൊപ്പം സമീപത്തെ സായിപ്പുകുന്നിലേക്കും യാത്ര ചെയ്യാം. സായിപ്പുകുന്നിലേക്കുള്ള നടത്തം അൽപം ബുദ്ധിമുട്ടേറിയതാണ്.
മീൻമുട്ടി, കാറ്റുകുന്ന്, ആനച്ചോല മേഖലകളിലൂടെ സഞ്ചരിച്ച് തിരികെയെത്താൻ 8 മണിക്കൂറോളമെടുക്കും. സാഹസിക യാത്രയാണെങ്കിലും സഞ്ചാരപ്രിയരായ, കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ആർക്കും ഇവിടേക്ക് യാത്ര ചെയ്യാം. 3110 രൂപ ഫീസ് അടച്ചാൽ 5 പേരടങ്ങുന്ന ടീമിന് ഗൈഡിന്റെ സഹായത്തോടെ സുരക്ഷിതമായി കാഴ്‌ചകൾ കണ്ട് മടങ്ങാം.
അധികം വരുന്ന ഓരോരുത്തർക്കും 413 രൂപയും നൽകണം. 10 പേർ അടങ്ങുന്ന സംഘത്തെ വരെ കൊണ്ടുപോകാം. സൗത്ത് വയനാട് ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയുടെ കീഴിൽ വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ട്രക്കിങ് ക്രമീകരിക്കുന്നത്.