കല്‍പറ്റ : സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ തകർത്ത കേരള ടീമില്‍ അംഗമായ കൽപറ്റ സ്വദേശി മുഹമ്മദ് റാഷിദിന് പെരുന്നാൾ സമ്മാനവുമായി ടി.സിദ്ദിഖ് എംഎൽഎ. മുഹമ്മദ് റാഷിദിന് സ്ഥലം വാങ്ങി വീട് വച്ചുനല്‍കുമെന്നാണ് കല്‍പറ്റ എംഎല്‍എയുടെ പ്രഖ്യാപനം. റാഷിദിനെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് താരത്തിന് സ്വന്തമായി സ്ഥലമോ, വീടോയില്ലെന്ന് മനസിലായതെന്ന് ടി സിദ്ദിഖ് ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
റാഷിദിനും കല്‍പറ്റയില്‍ നിന്നുള്ള മറ്റൊരു താരമായ സഫ്‌നാദിനും കൽപ്പറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചുവെന്നും എംഎല്‍എ അറിയിച്ചു. ഒരു ഗോളിന് പിറകെ നില്‍ക്കെ എക്സ്ട്രാ ടൈമിന്‍റെ രണ്ടാം പകുതിയില്‍ കേരളത്തിന്‍റെ നിര്‍ണായക ഗോള്‍ നേടിയ താരമാണ് സഫ്‌നാദ്.
ടി സിദ്ദിഖിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം :സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ തകർത്ത് കിരീടത്തിൽ മുത്തമിട്ടപ്പോൾ അതി നിർണ്ണായകമായ ഗോൾ നേടിയ സഫ്‌നാദും മറ്റൊരു താരം റാഷിദും കൽപറ്റ മണ്ഡലത്തിൽ നിന്നുള്ള അഭിമാന താരങ്ങളാണ്.
ഇന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ് നേരെ പോയത് കളി കഴിഞ്ഞ് പെരുന്നാളിന് വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത് റാഷിദിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്.
നമ്മുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിന് സ്ഥലവും വീടും നൽകാൻ തീരുമാനിച്ച് അവരെ അറിയിച്ചു. വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക് ആവേശം പകർന്ന റാഷിദിന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. താരങ്ങൾക്ക് കൽപറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു.
ഏഴഴകില്‍ സന്തോഷ കേരളം :സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-5നാണ് കേരളം കീഴടക്കിയത്. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്‌സ്‌ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഒറാവ്നിലൂടെ ബംഗാള്‍ മുന്നിലെത്തി. എന്നാല്‍ 116ാം മിനിറ്റില്‍ സഫ്‌നാദിലൂടെ കേരളം ഒപ്പം പിടിച്ചു.
തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനായി രണ്ടാം കിക്കെടുത്ത സജലിന് പിഴച്ചു. താരത്തിന്‍റെ കിക്ക് ബാറിന് മുകളിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. കേരളത്തിന്‍റെ എല്ലാ കിക്കുകളും ലക്ഷ്യം കണ്ടു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ ഏഴാം കിരീടമാണിത്.