വയനാട്:തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള വയനാട് തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ 10 ദിവസത്തേക്ക് നിർത്തി വയ്ക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പുരാവസ്‌തു വകുപ്പ് ഡയറക്‌ടറുടെ റിപ്പോർട്ട് പരിഗണിച്ച് ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റേതാണ് നടപടി.
ക്ഷേത്രത്തിന്‍റെ നവീകരണപ്രവർത്തനങൾ പരിശോധിക്കാൻ കോടതി അഭിഭാഷക കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്. അഡ്വ എം ആർ അരുൺ കുമാർ ആണ് കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ. വരുന്ന 28ന് അഭിഭാഷക കമ്മിഷൻ പരിശോധന നടത്തും. കോഴിക്കോട് സ്വദേശി വി സലീഷ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് പുരാതന ശേഷിപ്പുകൾക്ക് കേടുപാട് വരുത്തിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.