വയനാട് : വെണ്ണിയോട് പഞ്ചായത്തിന് സമീപം ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35 ) യാണ് കൊല്ലപ്പെട്ടത് (Husband killed Wife In Wayanad). സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൊളവയല്‍ മുകേഷിനെ കമ്പളക്കാട് പൊലീസ് കസ്‌റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം.
മുകേഷ് ഭാര്യയെ അടിച്ചും വെട്ടിയും കൊന്നതാണെന്നാണ് നിഗമനം. തലയ്‌ക്കും മുഖത്തിനും മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം മുകേഷ് തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്.
സംഭവസമയം മുകേഷിന്‍റെ മാതാവ് വീട്ടിലുണ്ടായിരുന്നു. ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. 2022 നവംബറിലാണ് ഇരുവരും വിവാഹിതരായത്. കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ALSO READ:ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണ്മാനില്ലെന്ന് പരാതി; ഭര്‍ത്താവ് കുടുങ്ങിയത് ചോദ്യം ചെയ്യലില്‍
ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി :എറണാകുളം കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി രത്നവല്ലിയെയാണ് പ്രതിയായ ഭർത്താവ് മഹേഷ് കുമാർ കൊലപ്പെടുത്തിയത്. പ്രതിയെ പിന്നീട് പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഭാര്യയെ കാണാനില്ലെന്ന് മഹേഷ് ജനുവരിയിൽ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ ജനുവരി 27 ന് രാത്രി എട്ട് മണിയോടെയാണ് രത്നവല്ലിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.
പൊലീസിന്‍റെ സംശയത്തെ തുടർന്ന് മഹേഷിനെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.സംശയത്തെ തുടർന്ന് ഭാര്യയുമായി ഇയാള്‍ വഴക്കിലേര്‍പ്പെടാറുണ്ടായിരുന്നു. തുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്താൻ മഹേഷ് കുമാർ തീരുമാനിച്ചത്.
ഇതോടെ തന്ത്രപരമായി പ്രതി ഭാര്യയെ സമീപത്തെ ആളൊഴിഞ്ഞ ജാതി തോട്ടത്തിൽ എത്തിച്ചു. പിന്നീട് തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി. പൊലീസ് മൃതദേഹം ജാതി തോട്ടത്തിൽ വച്ച് തന്നെയാണ് കണ്ടെത്തിയത്.
ALSO READ:Kollam Murder | യുവതിയെ കായലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് : ഭർത്താവ് 8 വർഷങ്ങൾക്ക് ശേഷം പിടിയിൽ
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ :കൊല്ലത്ത് വാളക്കോട് സ്വദേശി ഷജീറയെ കായലിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി എട്ട് വർഷങ്ങൾക്ക് ശേഷം പിടിയിലായി. തേവലക്കര സ്വദേശിയായ അബ്‌ദുൽ ഷിഹാബിനെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. 2015 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം.
ഷജീറയെ കല്ലുമ്മൂട്ടിൽ കടവിൽ വച്ചാണ് ഭര്‍ത്താവ് ഷിഹാബ് അപായപ്പെടുത്തിയത്. ഷിഹാബിന്‍റെ രണ്ടാം ഭാര്യയായിരുന്നു ഷജീറ. സൗന്ദര്യം ഇല്ല എന്ന പേരിൽ ഷിഹാബ് ഷജീറയെ സ്ഥിരമായി മാനസികമായി പീഡിപ്പിച്ചിരുന്നു. 2015 ജൂൺ 15 ന് കരിമീൻ വാങ്ങാൻ എന്ന പേരിലാണ് ഷജീറയെ കല്ലുമ്മൂട്ടിൽ കടവിൽ എത്തിച്ചത്.
പിന്നീട് കായലിലേക്ക് തള്ളിയിടുകയായിരുന്നു. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ ഷിഹാബ് പരസ്‌പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. പിന്നാലെ ഷജീറയ്‌ക്ക് ചികിത്സ നൽകുന്നത് വൈകിപ്പിക്കാനും ഷിഹാബ് ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.