വയനാട്: ജില്ലയിൽ ഇക്കൊല്ലം കാലവർഷത്തിൽ വീടുകൾ തകർന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന നടപടി ഇഴയുന്നു. പകുതിയോളം പേർക്ക് മാത്രമേ ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടുള്ളൂ. ഇക്കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഴയിലും കാറ്റിലും 1209 വീടുകളാണ് ജില്ലയിൽ തകർന്നത്. 42 വീടുകൾ പൂർണമായും 1167 വീടുകൾ ഭാഗികമായും തകർന്നു. വൈത്തിരി താലൂക്കിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്. താലൂക്കിൽ 39 വീടുകൾ പൂർണമായും 1009 വീടുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്.
കാലാവർഷ കെടുതി; നഷ്‌ടപരിഹാര നടപടികൾ ഇഴയുന്നു - houses were destroyed in wayanad
വൈത്തിരി താലൂക്കിൽ 39 വീടുകൾ പൂർണമായും 1009 വീടുകൾ ഭാഗികമായും കാലാവർഷ കെടുതിയിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

താലൂക്കിൽ മുണ്ടക്കൈക്കടുത്ത് പുഞ്ചിരിമട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ തകർന്നു. ഇവർക്കു പോലും ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഓരോ കുടുംബത്തിനും ആറ് മാസം വാടകയ്ക്ക് കഴിയാൻ പതിനെട്ടായിരം രൂപ വീതം മേപ്പാടി പഞ്ചായത്ത് നൽകിയിട്ടുണ്ട്. വീടിനും സ്ഥലത്തിനും ഉൾപ്പെടെ 10 ലക്ഷം രൂപയാണ് സർക്കാർ നഷ്‌ടപരിഹാരമായി നൽകുന്നത്. സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്ന് വീടും മാനന്തവാടി താലൂക്കിൽ അഞ്ച് വീടുകളുമാണ് പൂർണമായി തകർന്നത്. ദുരന്തബാധിതർക്ക് നഷ്‌ടപരിഹാരം വൈകാതെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്‌ടർ പറഞ്ഞു.