വയനാട്:തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ, ആത്മവിശ്വാസത്തിലാണ് വയനാട്ടിൽ ഇടതു വലതു മുന്നണികൾ. സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. നിർദ്ദിഷ്ട വയനാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിവാദങ്ങളും സംസ്ഥാന സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. 23 ഗ്രാമപഞ്ചായത്തുകളും നാല് ബ്ലോക്ക് പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് വയനാട് ജില്ലയിലുള്ളത്. ഇതിൽ നഗരസഭകൾ മൂന്നും കഴിഞ്ഞ തവണ ഇടതിനൊപ്പമായിരുന്നു.
വയനാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിന് തയാറായി മുന്നണികൾ
ഒരു തവണ മാത്രമാണ് വയനാട്ടിൽ ജില്ലാ പഞ്ചായത്തിൽ വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുളളത്
ബ്ലോക്ക് പഞ്ചായത്തുകളിൽ മൂന്നിലും ഭരണം യു.ഡി.എഫ് നേടി. ഗ്രാമ പഞ്ചായത്തുകളിൽ 15 എണ്ണത്തിൽ ഇടതുമുന്നണിയും എട്ടെണ്ണത്തിൽ യു.ഡി.എഫുമാണ് വിജയിച്ചത്. ജില്ലാ പഞ്ചായത്ത് വർഷങ്ങളായി യു.ഡി.എഫിനൊപ്പമാണ്. ഒരു തവണ മാത്രമാണ് ജില്ലാ പഞ്ചായത്തിൽ വിജയം നേടാൻ വയനാട്ടിൽ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുളളത്. ഇത്തവണ സ്ഥിതി മാറിമറിയുമെന്ന പ്രതീക്ഷയിലാണ് ഇടതു പാളയം. അതേസമയം രാഹുൽ ഗാന്ധിയെ പിന്തുണച്ച വയനാട് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും കൈവിടില്ലെന്ന ശുഭാപ്തിവിശ്വാസത്തിലാണ് യുഡിഎഫ്.