കേരളം

kerala

ETV Bharat / state

ബസ് തടഞ്ഞു നിർത്തി ഒന്നരക്കോടി കവർന്ന സംഭവം; ഹൈവേ കവർച്ച സംഘം പിടിയിൽ - ഒരു കോടി നാൽപ്പത് ലക്ഷം രൂപ കവർന്ന കേസ്

ഒക്ടോബർ 5 ന് പുലർച്ചെ നാല് മണിയോടെയാണ് പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച കാറിലെത്തിയ ഏഴംഗ സംഘം ബെംഗളൂരു- കോഴിക്കോട് സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനായ തിരൂർ സ്വദേശിയിൽ നിന്നും ഒരു കോടി നാൽപ്പത് ലക്ഷം രൂപ കവർന്നത്

Thirunelli robbery case  ഹൈവേ കവർച്ചാ സംഘം പിടിയിൽ  വയനാട് മോഷണം  തിരുനെല്ലി കവർച്ച  വയനാട്ടിൽ ബസ് തടഞ്ഞു നിർത്തി പണം കവർന്ന സംഭവം  Four accused arrested in Thirunelli robbery case  മാനന്തവാടി  ഒരു കോടി നാൽപ്പത് ലക്ഷം രൂപ കവർന്ന കേസ്  Wayanad Thirunelli Robbery
ബസ് തടഞ്ഞു നിർത്തി ഒന്നരക്കോടി കവർന്ന സംഭവം; ഹൈവേ കവർച്ചാ സംഘം പിടിയിൽ

By

Published : Oct 23, 2022, 7:22 AM IST

വയനാട്:വയനാട് തിരുനെല്ലി തെറ്റ് റോഡിന് സമീപം സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്‌ത സംഭവത്തിലെ പ്രതികളെ പിടികൂടി. കർണാടക മാണ്ഡ്യയിൽ നിന്നും മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

വയനാട് പുൽപ്പള്ളി പെരിക്കല്ലൂർ ചക്കാലക്കൽ വീട്ടിൽ സുജിത്ത് (28), എറണാകുളം അങ്കമാലി പള്ളിയാനം വീട് ശ്രീജിത്ത് വിജയൻ (25), കണ്ണൂർ ആറളം കാപ്പാടൻ വീട്ടിൽ സക്കീർ ഹുസൈൻ (38), വയനാട് നടവയൽ കായക്കുന്ന് പതിപ്ലാക്കൽ വീട്ടിൽ ജോബിഷ് (23) എന്നിവരെയാണ് മാനന്തവാടി ഡിവൈഎസ്‌പി എ.പി ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.

ക്രിമിനൽ സംഘത്തെ സാഹസികമായി കീഴടക്കാൻ ശ്രമിക്കുന്നതിനിടെ തിരുനെല്ലി സി.ഐ പിഎൽ ഷൈജുവിൻ്റെ ശരീരത്തിലൂടെ പ്രതികൾ കാർ കയറ്റിയിറക്കി. മാനന്തവാടി ആശുപത്രിയിൽ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തെ സാരമായ പരിക്കുകൾ ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പിടിയിലായ പ്രതികൾക്കെതിരെ കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങി വിവിധ ജില്ലകളിൽ നിരവധി കേസുകളുണ്ട്.

കവർച്ച പൊലീസെന്ന് കബളിപ്പിച്ച്: ഒക്ടോബർ 5 ന് പുലർച്ചെ നാല് മണിയോടെയാണ് പ്രതികൾ കവർച്ച നടത്തിയത്. പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച കാറിലെത്തിയ ഏഴംഗ സംഘം ബെംഗളൂരു- കോഴിക്കോട് സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനായ തിരൂർ സ്വദേശിയിൽ നിന്നും ഒരു കോടി നാൽപ്പത് ലക്ഷം രൂപ കവർന്നതായാണ് പരാതി.

ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ മാനന്തവാടി ഡിവൈഎസ്‌പി എപി ചന്ദ്രൻ്റെ നേതൃത്വത്തിൽ തിരുനെല്ലി സി.ഐ പിഎൽ ഷൈജു, മാനന്തവാടി സി.ഐ അബ്ദുൾ കരീം, കമ്പളക്കാട് സി.ഐ സന്തോഷ് തുടങ്ങിയവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തുകയായിരുന്നു.

സംഘത്തെ കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഇന്നലെ കർണാടക മാണ്ഡ്യയിൽ വെച്ച് അതിസാഹസികമായി കവർച്ച സംഘത്തെ പിടികൂടുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ കാർ വേഗത്തിൽ പിന്നോട്ടെടുത്തപ്പോഴാണ് സി.ഐ ഷൈജു കാറിനടിയിൽപ്പെട്ടത്.

ഷൈജുവിൻ്റെ അരയ്ക്ക് മുകളിലൂടെ കാറിൻ്റെ പിൻചക്രം കയറിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രം സാരമായ പരിക്കുകൾ പറ്റാതെ രക്ഷപ്പെടുകയായിരുന്നു. പ്രതികളിൽ നിന്നും അഞ്ചര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇവർ സഞ്ചരിച്ച കാറും, മൊബൈൽ ഫോണുകളും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details