വയനാട്: തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും കലാപം. കൽപ്പറ്റ നഗരസഭയിലും തവിഞ്ഞാൽ പഞ്ചായത്തിലുമാണ് വിവാദം പുകയുന്നത്. കൽപ്പറ്റയിൽ പ്രമുഖ നേതാക്കൾ പരാജയപ്പെട്ടതും ശക്തികേന്ദ്രങ്ങളിൽ വോട്ടു കുറഞ്ഞതുമാണ് പാർട്ടിക്കുള്ളിൽ പോരിനിടയാക്കിയത്.
തെരഞ്ഞെടുപ്പ് പരാജയം; സിപിഎമ്മിലും കലാപം
കൽപ്പറ്റയിൽ പ്രമുഖ നേതാക്കൾ പരാജയപ്പെട്ടതും ശക്തികേന്ദ്രങ്ങളിൽ വോട്ടു കുറഞ്ഞതുമാണ് പാർട്ടിക്കുള്ളിൽ പോരിനിടയാക്കിയത്
തവിഞ്ഞാലിൽ സിപിഎം സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ചില നേതാക്കൾ ചരടുവലിച്ചെന്ന ആരോപണമാണ് ശക്തമാകുന്നത്. കൽപ്പറ്റയിൽ ആറ് സിറ്റിംഗ് സീറ്റുകളിൽ എല്‍ഡിഎഫ് പരാജയപ്പെടുകയും നഗരസഭാ ചെയർമാനായി പാർട്ടി കണ്ടിരുന്നയാളുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവു വന്നതുമാണ് പാർട്ടിക്കുള്ളിലെ പോര് പരസ്യമാകാൻ കാരണമായത്. സീറ്റ് ലഭിക്കാത്ത ചിലരാണ് വോട്ടു മറിച്ചതെന്നാണ് ആരോപണം. മാനന്തവാടി നഗരസഭയിലെ തോൽവിയുമായി ബന്ധപ്പെട്ടും സിപിഎമ്മിൽ അമർഷം പുകയുകയാണ്. കഴിഞ്ഞ ഭരണ സമിതിയുടെ ഭാഗമായവരിൽ രണ്ട് പേർ ഒഴിച്ച് മത്സരിച്ചവരെല്ലാം ഇത്തവണ തോറ്റിരുന്നു.
സിപിഎം ഏരിയാ സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവും തോറ്റവരിൽ ഉൾപ്പെടുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലാണ് ഇവർ മത്സരിച്ചത്. നേതൃത്വത്തോട് വിരോധമുള്ളവരാണ് വോട്ടു മറിക്കാൻ കൂട്ടുനിന്നതെന്നാണ് ആരോപണം. പ്രശ്‌നങ്ങളെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും പരിഹാരം കാണുമെന്നും നേതാക്കള്‍ അറിയിച്ചു.