കല്‍പ്പറ്റ: കേന്ദ്ര സർക്കാരിന്‍റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നിലപാട് ദുർബലവമാണെന്നും ഇത് തിരുത്തണമെന്നും പരിസ്ഥിതി പ്രവർത്തകർ. ഈ ആവശ്യം ഉന്നയിച്ച് പരിസ്ഥിതി പ്രവർത്തകരും വിവിധ പരിസ്ഥിതി സംഘടനകളും മുഖ്യമന്ത്രിക്കും എംപിമാർക്കും എംഎൽഎമാർക്കും നിവേദനം നൽകി.
സംസ്ഥാനത്തെ 20 പരിസ്ഥിതി സംഘടനകളും സുഗതകുമാരി, പ്രൊഫ. എം.കെ പ്രസാദ്, ഡോക്ടർ വി.എസ് വിജയൻ തുടങ്ങിയവരും ചേർന്നാണ് നിവേദനം നൽകിയത്. സുഗതകുമാരി, പ്രൊഫ. എം.കെ പ്രസാദ്, ഡോക്ടർ വി.എസ് വിജയൻ തുടങ്ങിയവരും സംസ്ഥാനത്തെ 20 പരിസ്ഥിതി സംഘടനകളും ചേർന്നാണ് നിവേദനം നൽകിയത്.
നിവേദനത്തിന്‍റെ അന്തസത്ത
മൂന്ന് കാര്യങ്ങളാണ് പ്രധാനമായും നിവേദനത്തിലുള്ളത്.
- ഇഐഎ കരടുവിജ്ഞാപനം പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് കത്തയക്കുക
- നിലവിലെ പരിസ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്താൻ പുതിയ വിജ്ഞാപനം കൊണ്ടുവരാൻ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കുക. ഈ സമിതിയുടെ റിപ്പോർട്ടിൻമേലുള്ള പൊതുജനാഭിപ്രായം സ്വീകരിക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുക.
- പരിസ്ഥിതി ആഘാത വിലയിരുത്തൽ കരടുവിജ്ഞാപനത്തെക്കുറിച്ച് സംസ്ഥാന സർക്കാരിൻറെ നയം രൂപീകരിക്കാൻ പരിസ്ഥിതി വിദഗ്‌ദ്ധരും, ശാസ്ത്രജ്ഞരും അടങ്ങിയ വിദഗ്‌ദ്ധ സമിതി അടിയന്തരമായി രൂപീകരിക്കുക.
1986-ലെ പരിസ്ഥിതിസംരക്ഷണ നിയമത്തിന്‍റെ അന്തസത്ത തകർക്കുന്ന വ്യവസ്ഥകൾ പോലും കരട് വിജ്ഞാപനത്തിൽ ഉണ്ടെന്ന് നിവേദനത്തിൽ പറയുന്നു . ഇതുകൊണ്ടാണ് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത് . പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്താൻ ഉതകുന്ന വിധത്തില്‍ നിയമം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് കരട് വിജ്ഞാപനത്തിൽ ഉള്ളതെന്നും നിവേദനത്തിൽ പറയുന്നു.