കൊവിഡ് ചികിത്സയിലിരിക്കെ യുവാവ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു - കൊവിഡ് മരണം
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് പേര്യ സ്വദേശിയായ ഓട്ടോ ഡ്രൈവർ തുണ്ടത്തിൽ റെജി ആണ് മരിച്ചത്. ചികിത്സക്ക് ശേഷം 30ന് കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി
വയനാട്: കൊവിഡ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. രണ്ട് തവണ ഇദ്ദേഹത്തിന് പ്ലാസ്‌മ തെറാപ്പി ചെയ്തിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു. വയനാട് പേര്യ സ്വദേശിയായ ഓട്ടോ ഡ്രൈവർ തുണ്ടത്തിൽ റെജി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു റെജി. രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ 21ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്ക് ശേഷം 30ന് കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി. രോഗവ്യാപനം തുടങ്ങിയതിനുശേഷം വയനാട് ജില്ലയിലെ രണ്ടാമത്തെ മരണം ആണിത്. ഇദ്ദേഹത്തിനൊപ്പം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഭാര്യക്കും മക്കള്‍ക്കും രോഗം ഭേദമായിരുന്നു. തുണ്ടത്തിൽ സേവ്യറിൻ്റെയും പരേതയായ ചിന്നമ്മയുടെയും മകനാണ് റെജി. ഭാര്യ: ജിഷ. മക്കള്‍: ബെന്‍സന്‍, ബെനീറ്റ.