വയനാട്: കൂടത്തായി കൊലപാതക പരമ്പരയെ ഇതിവൃത്തമാക്കി നിർമിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടീസ് അയച്ചു. റോയ് തോമസിന്‍റെയും ജോളി തോമസിന്‍റെയും മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ്, റോയ് തോമസിന്‍റെ സഹോദരി രഞ്ജി വില്‍സണ്‍ എന്നിവര്‍ നല്‍കിയ ഹർജി പരിഗണിച്ചാണ് കോടതി നീക്കം. സിനിമയും സീരിയലും പുറത്തിറങ്ങിയാൽ റോയി തോമസിന്‍റെ പ്രായപൂർത്തിയാവാത്ത മകനടക്കം നേരിടേണ്ടി വരുന്ന മാനസികാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇവർ ഹർജി സമർപ്പിച്ചത്.
കൂടത്തായി കൊലപാതകം; സിനിമ- സീരിയൽ നിർമാതാക്കൾക്ക് കോടതി നോട്ടീസ്
റോയ് തോമസിന്‍റെയും ജോളി തോമസിന്‍റെയും മക്കൾ സമർപ്പിച്ച ഹർജിയിലാണ് നടപടി
കുട്ടികളുടെ ഭാവിക്ക് ദോഷകരമായേക്കാവുന്ന തരത്തിലുള്ള ചിത്രീകരണങ്ങൾ നിർത്തിവയ്ക്കാൻ കോടതി ഇടപെടണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിക്കുന്നത്. ഇതുപ്രകാരമാണ് കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമകളുടെയും, സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചത്.
മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസ് ഉടമ ആന്‍റണി പെരുമ്പാവൂര്‍ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍, ജോളി എന്ന പേരില്‍ സിനിമയുടെ നിർമാണം ആരംഭിച്ചിരുന്നു. ഇതിന് പുറമെ ഫ്‌ളവേര്‍സ് ടിവിയുടെ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര വരുന്ന തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജനുവരി 13ന് ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള നിർമാതാക്കൾ കോടതിയിൽ ഹാജരാകാൻ അറിയിച്ചതായി അഭിഭാഷകൻ എം. മുഹമ്മദ് ഫിര്‍ദൗസ് പറഞ്ഞു.