വയനാട്: സപ്ലൈകോ പിഡിഎസ് ഗോഡൗണിന് കണ്ടെത്തിയ കെട്ടിടം ചതുപ്പ് പ്രദേശത്തെന്ന് ആരോപണം. അശാസ്ത്രീയ രീതിയിലുള്ള സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുക്കരുതെന്ന നാഷണൽ ഫുഡ് സേഫ്റ്റി അതോറിറ്റി മാനേജരുടെ നിർദേശങ്ങളെ മറികടന്നാണ് ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കാൻ ചതുപ്പ് പ്രദേശത്തെ ഗോഡൗൺ ഏറ്റെടുത്തത്.
കൽപ്പറ്റയിലെ ബൈപ്പാസിനടുത്താണ് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യാൻ ഒരുക്കങ്ങൾ പൂർത്തിയായ പിഡിഎസ് ഗോഡൗൺ. അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്‌തുക്കൾ ശാസ്ത്രീയമായി കേടുകൂടാതെ സംഭരിക്കേണ്ട ഇടം. എന്നാൽ മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് പുതിയ ഗോഡൗൺ ഏറ്റെടുത്തിട്ടുള്ളത്. ഗോഡൗൺ നിൽക്കുന്നതു തന്നെ ചതുപ്പ് പ്രദേശത്താണ്.
വയനാട് സപ്ലൈകോ ഗോഡൗൺ ചതുപ്പ് പ്രദേശത്തെന്ന് ആരോപണം 2021ൽ ഭക്ഷ്യമന്ത്രിയുടെ തന്നെ അധ്യക്ഷതയിൽ ചേർന്ന യോഗം അശാസ്ത്രീയമായ രീതിയിലുള്ള സ്വകാര്യ ഗോഡൗണുകൾ സംഭരണ കേന്ദ്രങ്ങളാക്കുന്നതിനുള്ള ഉടമ്പടികൾ എല്ലാം അടിയന്തരമായി നിർത്തി വയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നിട്ടും ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുക്കുന്നത് തുടരുകയാണെന്നാണ് ആരോപണം.
വൈത്തിരി താലൂക്ക് സപ്ലൈകോ ഡിപ്പോക്ക് വേണ്ടിയാണ് കൽപ്പറ്റ ബൈപ്പാസിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ ഭക്ഷ്യവകുപ്പിന്‍റെ നേതൃത്വത്തിൽ സർക്കാർ ലീസിനെടുത്തിരിക്കുന്നത്. ഗോഡൗൺ ഭക്ഷ്യസംഭരണ കേന്ദ്രമാക്കാൻ യോഗ്യമായതല്ലെന്ന് ചൂണ്ടികാണിച്ച് തൊഴിലാളികൾ കത്തു നൽകിയിട്ടും ഇതേറ്റെടുക്കുകയായിരുന്നു. അശാസ്ത്രീയമായ ഗോഡൗൺ ഭക്ഷ്യസംഭരണത്തിന് പറ്റാത്തതാണെന്നാണ് വലിയൊരു വിഭാഗം തൊഴിലാളികളുടെയും ആരോപണം.