വയനാട്: വയനാട്ടിൽ പുഴകളിൽ നിന്ന് പ്രളയാവശിഷ്ടം നീക്കുന്നതിൽ ക്രമക്കേട് വ്യാപകമാകുന്നു. പ്രളയാവശിഷ്ടം നീക്കാൻ ഉള്ള ഉത്തരവിന്‍റെ മറവിൽ പനമരം പഞ്ചായത്തിൽ മണൽ കടത്തിയതിനെ തുടർന്ന് പ്രവൃത്തി ദുരന്തനിവാരണ വിദഗ്ധസമിതി താൽക്കാലികമായി നിർത്തി വച്ചിരുന്നു.
വയനാട്ടിൽ പുഴകളിൽ നിന്ന് പ്രളയാവശിഷ്ടം നീക്കുന്നതിൽ ക്രമക്കേടെന്ന് പരാതി - മണലൂറ്റ്ക
പനമരം, കോട്ടത്തറ, തവിഞ്ഞാൽ എന്നിവിടങ്ങളിലാണ് പുഴകളിൽ നിന്ന് പ്രളയാവശിഷ്ടം നീക്കിയതിൽ വ്യാപകമായി ക്രമക്കേട് കണ്ടെത്തിയത്
പനമരം, കോട്ടത്തറ, തവിഞ്ഞാൽ എന്നിവിടങ്ങളിലാണ് പുഴകളിൽ നിന്ന് പ്രളയാവശിഷ്ടം നീക്കിയതിൽ വ്യാപകമായി ക്രമക്കേട് കണ്ടെത്തിയത്. കബനി നദിയുടെ കൈവഴിയായ പനമരം പുഴയിൽ നിന്ന് വലിയ രീതിയിയാണ് മണൽ കടത്തിയത്. പുഴയോരത്ത് നട്ടുപിടിപ്പിച്ച മുളങ്കൂട്ടങ്ങളും, മരങ്ങളും പിഴുതുമാറ്റിയിട്ടുണ്ട്. പുഴയിൽ ഗർത്തങ്ങൾ ഉണ്ടാക്കിയാണ് മണൽ കുഴിച്ചെടുത്തത്.
1,500ലധികം ടിപ്പറുകളിലായാണ് ഇവിടെ നിന്ന് മണൽ കടത്തിയത്. നിയമലംഘനം നടത്തിയതായാണ് സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി കളക്ടറും, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെയാണ് ക്രമക്കേട് നടന്നിട്ടുള്ളതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം. കോട്ടത്തറയിൽ പുഴയുടെ വശങ്ങൾ ഇടിച്ച് തന്നെയാണ് മണൽ കടത്തിയിട്ടുള്ളത്. തവിഞ്ഞാലിൽ പുഴക്ക് ഇരുവശവും നട്ടുപിടിപ്പിച്ച മരങ്ങളും മുളകളും പിഴുതു മാറ്റുകയും ചെയ്തിട്ടുണ്ട്.