വയനാട്:ദുരൂഹ സാഹചര്യത്തില്‍ പുഴയോരത്ത് കാണാതായ ക്ഷീര കര്‍ഷകന്‍റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. ഇന്നലെ കാരാപ്പുഴ ഭാഗത്ത് നിന്നും കാണാതായ മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രന്‍റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായെന്ന് പറയുന്ന സ്ഥലത്ത് നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തില്‍ കാര്യമായ മുറിപ്പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ (ജൂലൈ 26) ഉച്ചയ്‌ക്ക് 2.30 ഓടെയാണ് കാരാപ്പുഴ കുണ്ടുവയല്‍ ഭാഗത്ത് വച്ച് സുരേന്ദ്രനെ കാണാതായത്.
പുല്ലരിയതിനായി കാരാപ്പുഴ പദ്ധതി പ്രദേശത്തെത്തിയതായിരുന്നു സുരേന്ദ്രന്‍. വീട്ടില്‍ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യ അന്വേഷിച്ചെത്തി. എന്നാല്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയിട്ടും സുരേന്ദ്രനെ കണ്ടെത്താനായിരുന്നില്ല.
സംഭവ സ്ഥലത്തെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുഴ വെളളത്തിലൂടെ എത്തിയ മുതലയോ മറ്റോ ആക്രമിച്ചതാണെന്നായിരുന്നു നിഗമനം. ചീരാങ്കുന്ന് ഗാന്ധിനഗര്‍ ചെക്ക് ഡാമിന് സമീപം തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങളാണ് തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
കടലില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി: കൊയിലാണ്ടിയില്‍ കടലില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് സ്വദേശി അനൂപിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹാര്‍ബറില്‍ നിന്നും ഏകദേശം 500 മീറ്റര്‍ അപ്പുറം ഉപ്പാലക്കണ്ടിയിലാണ് മൃതദേഹം തിരത്തടിഞ്ഞത്. കാണാതായതിന്‍റെ തൊട്ടടുത്ത ദിവസമാണ് മൃതദേഹം തിരത്തടിഞ്ഞത്. കാണാതായതിന് പിന്നാലെ കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്ത ദിവസവും തെരച്ചില്‍ തുടരാനിരിക്കേയാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു:കഴിഞ്ഞ ഏതാനും ദിവസമായി ജില്ലയില്‍ തുടരുന്ന കനത്ത മഴയില്‍ പുഴകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായത്. കൊടിയത്തൂര്‍ സ്വദേശിയാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ ഫോഴ്‌സിന്‍റെയും നാട്ടുകാരുടെ നേതൃത്വത്തില്‍ ഇയാള്‍ക്കായി പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു.
വയോധികയുടെ മൃതദേഹം പമ്പയാറ്റില്‍: പത്തനംതിട്ട സ്വദേശിയായ വയോധികയുടെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തി. കോഴഞ്ചേരി പ്രക്കാനത്തെ വീട്ടില്‍ നിന്നും കാണാതായ സിആര്‍ രമാദേവിയുടെ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് സംഭവം. ക്ഷേമനിധി ഓഫിസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രമാദേവിയെ കാണാതാവുകയായിരുന്നു. രമാദേവി പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തിയത്.
also read:സ്വകാര്യഭാഗത്ത് നിരവധി സേഫ്‌റ്റി പിന്നുകളുമായി 40 കാരന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന സംശയത്തില്‍ അന്വേഷണവുമായി പൊലീസ്