വയനാട്: ഓടിക്കൊണ്ടിരുന്ന ട്രാവലറില്‍ നിന്നും അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി തലയില്‍ കൊണ്ട് കാല്‍നട യാത്രികയായ യുവതിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. തൃക്കൈപ്പറ്റ സ്വദേശിനിയും ട്രൈബല്‍ പ്രമോട്ടറുമായ സരിത (35) യ്‌ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് മേപ്പാടി വിംസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സരിതയുടെ തലയിൽ എട്ടോളം സ്റ്റിച്ചുകളുണ്ട്.
ശനിയാഴ്‌ച രാവിലെ മേപ്പാടിയില്‍ വച്ചായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് ട്രാവലര്‍ മേപ്പാടി പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശികളായിരുന്നു ട്രാവലറിലെ യാത്രക്കാര്‍.
Also Read: Video | ബിയര്‍ ബോട്ടില്‍ കിട്ടിയാല്‍ മാന്യന്‍, ഇല്ലെങ്കില്‍ വയലന്‍സ്..!; ബിവറേജ് ജീവനക്കാരെ വലച്ച് വാനര മദ്യപൻ
ബിയര്‍ കുപ്പി ഉപയോഗിച്ച് കൊലപാതകം: അടുത്തിടെ തെലങ്കാനയില്‍ ഭര്‍ത്താവ് ഭാര്യയെ ബിയര്‍ കുപ്പി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. രംഗറെഡ്ഡി ജില്ലയിലുള്ള അബ്‌ദുല്ലപര്‍മേട്ടിലുള്ള അനജ്‌പുരിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. അനജ്‌പുര്‍ നിവാസിയായ എര്‍പുല ധന്‍രാജ്, തന്‍റെ ഭാര്യയേയും ഇളയ മകനെയും രണ്ടര വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ച് ഭാര്യ കാന്തികണ്ടി ലാവണ്യ (23) തലക്കടിച്ച ശേഷം ഇയാള്‍ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇളയ മകനായ ക്രിയന്‍ഷിയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തുകയും ചെയ്‌തു. ദമ്പതികള്‍ തമ്മില്‍ മുമ്പൊരിക്കലും വഴക്കിടുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നായിരുന്നു പൊലീസിനോട് സമീപവാസികളുടെ പ്രതികരണം. എന്നാല്‍ സ്‌ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടാണ് പ്രതി തങ്ങളുടെ മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
സംഭവത്തില്‍ പൊലീസ് ഭാഷ്യം:പ്രതി ധന്‍രാജ് കുറച്ചുനാളുകള്‍ക്ക് മുമ്പ് ഭാര്യ ലാവണ്യയെ ഭാര്യവീട്ടില്‍ കൊണ്ട് ചെന്നാക്കിയിരുന്നു. കൊലപാതകം നടക്കുന്ന ദിവസം രാവിലെ ഇയാള്‍ ഭാര്യയെ വിളിച്ച് ഇളയ കുട്ടിക്ക് വാക്‌സിന്‍ എടുക്കാനായി ബണ്ഡാരവിരാരല വരെ പോകാമെന്ന് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് പകല്‍ 11 മണിയോടെ ഭാര്യയേയും കുട്ടികളെയും കൂട്ടി ധന്‍രാജ് അനജ്‌പുരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ ധന്‍രാജ് ബിയര്‍ കുപ്പികൊണ്ട് ഭാര്യയുടെ തലയ്‌ക്കടിക്കുകയായിരുന്നു. തലയ്‌ക്കടിയേറ്റ് വീണ ഭാര്യയെ ഇയാല്‍ മഴുവെടുത്ത് വെട്ടികൊലപ്പെടുത്തി. തൊട്ടുപിന്നാലെ ഇളയ കുട്ടിയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തുകയും ചെയ്‌തു.
അതേസമയം ഈ രണ്ട് കൊലപാതകങ്ങളും നേരില്‍കണ്ട ഇവരുടെ രണ്ടര വയസുകാരിയായ മൂത്തമകള്‍ ആദ്യ ഈ സമയം പേടികൊണ്ട് കരഞ്ഞ് അയല്‍വാസികളുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ശേഷം ധന്‍രാജ് മകളെ തേടി പുറത്തെത്തി. ഈ സമയം ഇയാളുടെ വസ്‌ത്രത്തിലെ ചോരക്കറ കണ്ട് സംഭവം തിരക്കിയ അയല്‍വാസികളോട് ഒന്നും പ്രതികരിക്കാതെ ഇയാള്‍ തന്‍റെ ബൈക്കില്‍ കയറി ഹെല്‍മറ്റ് ധരിച്ച് സ്ഥലംവിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അബ്‌ദുല്ലപുര്‍മേട് പൊലീസ് മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഒസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റുകയും, സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.