കേരളം

kerala

ETV Bharat / state

'രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങൾ ഫാസിസത്തിന്‍റെ ആർമി'; കേരളത്തില്‍ ക്രിസംഘികള്‍ ഉണ്ടാവുന്നെന്നും അരുന്ധതി റോയ്‌ - അരുന്ധതി റോയ്‌

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ വേദിയില്‍ വച്ചാണ് രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് എതിരായി എഴുത്തുകാരി അരുന്ധതി റോയ്‌ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്

wayanad literature festival  Arundhati Roy against indian  വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവല്‍  അരുന്ധതി റോയ്‌  രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങൾ ഫാസിസത്തിന്‍റെ ആർമി
കേരളത്തില്‍ ക്രിസംഘികള്‍ ഉണ്ടാവുന്നെന്നും അരുന്ധതി റോയ്‌

By

Published : Dec 30, 2022, 2:25 PM IST

അരുന്ധതി റോയ്‌ സംസാരിക്കുന്നു

മാനന്തവാടി:രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങൾ ഫാസിസത്തിന്‍റെ ആർമിയായാണ് പ്രവർത്തിക്കുന്നതെന്ന് പ്രശസ്‌ത എഴുത്തുകാരിയും ബുക്കർ സമ്മാന ജേതാവുമായ അരുന്ധതി റോയ്‌. കേരളം ഇതുവരെ ഫാസിസത്തെ പ്രതിരോധിച്ചുവെന്നതിൽ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. വയനാട് മാനന്തവാടിയിൽ പ്രഥമ വയനാട് ലിറ്ററേച്ചർ ഫെസ്റ്റില്‍ 'പറയാൻ പറ്റുന്നതും പറ്റാത്തതും' എന്ന തലക്കെട്ടിൽ, ഫെസ്റ്റിവൽ ഡയറക്‌ടര്‍ വിനോദ് കെ ജോസുമായി നടത്തിയ സംഭാഷണത്തിനിടെയായിരുന്നു ഈ പരാമർശം.

ബിജെപിയെ പിന്തുണയ്‌ക്കുന്ന 'ക്രിസംഘി'കൾ കേരളത്തില്‍ ഉണ്ടാവുന്നുണ്ട്. ലൗജിഹാദ് എന്ന വാക്കുപയോഗിച്ചത് കേരളത്തിൽ ഒരു ക്രിസ്ത്യൻ ബിഷപ്പാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉത്തരേന്ത്യയിൽ മുന്നൂറിലധികം ക്രിസ്ത്യൻ പള്ളികൾക്ക് നേരെയാണ് ഹിന്ദുത്വ ആക്രമണമുണ്ടായത് എന്നതിനാൽ നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങളിലും പ്രവർത്തിക്കുന്ന കാര്യങ്ങളിലും സൂക്ഷ്‌മത പുലർത്തണമെന്നും അരുന്ധതി റോയ്‌ പറഞ്ഞു.

'നിശബ്‌ദത എന്നത് പക്ഷം ചേരലാണ്':ശബ്‌ദമില്ലാത്തവരല്ല, അടിച്ചമര്‍ത്തപ്പെട്ടവരും വേദനിപ്പിക്കപ്പെട്ടവരുമാണ് സമൂഹത്തിലുള്ളത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍ നിന്നാണ് വരുന്നതെങ്കില്‍ നിങ്ങളുടെ വ്യക്തിത്വം എപ്പോഴും ചോദ്യം ചെയ്യപ്പെടും. വ്യക്തിത്വത്തെക്കുറിച്ചും ജാതിയെക്കുറിച്ചും ആശങ്കാകുലരായ സമൂഹമാണ് ഇന്ത്യയിലേത്. അനീതിക്കെതിരേയും അരാജകത്വത്തിനെതിരേയും അക്ഷരങ്ങളാല്‍ ജനങ്ങളോട് സംവദിക്കേണ്ടിവരുമ്പോള്‍ യാതൊരു പ്രതിബന്ധങ്ങള്‍ക്കും നിങ്ങളെ തടയാനാകില്ല. ഫിക്ഷനും നോണ്‍ ഫിക്ഷനും ഒരുപോലെ കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ വസ്‌തുനിഷ്‌ഠതയുടെ കണ്ണിലൂടെയാണ് നോണ്‍ ഫിക്ഷന്‍ കൈകാര്യം ചെയ്യുന്നത്.

വ്യാജ മൂല്യങ്ങളേയും സുഹൃത്തുക്കളേയും പടിക്കുപുറത്താക്കിയെങ്കില്‍ മാത്രമേ സ്വതന്ത്രമായും ആശയങ്ങളെ കൂച്ചുവിലങ്ങിടാതെയും ജീവിക്കാന്‍ കഴിയൂ. നിശബ്‌ദമായിരിക്കുക, എന്നത് പക്ഷം കൂടലാണ്. അരുതായ്‌മകള്‍ക്കെതിരേ എപ്പോഴും ശബ്‌ദിച്ചുകൊണ്ടിരിക്കണം. ചിലപ്പോള്‍ കുഞ്ഞുകാര്യങ്ങള്‍ക്ക് പോലും വലിയ രാഷ്ട്രീയ മാനമുണ്ടാകും. വിപ്ലവകരമായ എഴുത്തുകളും മുന്നേറ്റങ്ങളുമാണ് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുള്ളത്.

പിറകോട്ട് പറക്കുന്ന വിമാനത്തിലിരുന്ന്, നമ്മള്‍ മുന്നോട്ടാണ് പറക്കുന്നതെന്ന് വീമ്പിളക്കി ജനങ്ങളെ വഞ്ചിക്കുകയാണ് രാജ്യത്തെ ഭരണകൂടം. എല്ലാ സമ്പ്രദായങ്ങളേയും തച്ചുടച്ച് ജനങ്ങളെ നിശബ്‌ദരാക്കുക എന്നതാണ് ഫാസിസ്റ്റ് നയം. ജനങ്ങളെ തങ്ങളുടെ ആശയങ്ങളുടെ ഒറ്റക്കുപ്പായമിടീപ്പിക്കുക എന്നത് അംഗീകരിക്കാനാകില്ല. രാജ്യത്തെ വൈവിധ്യം ഇല്ലാതാക്കുന്ന നടപടിയായിരിക്കും ഇത്. ഫാസിസ്റ്റ് നടപടികള്‍ക്കെതിരേ ചര്‍ച്ചകളും പ്രതിരോധങ്ങളും ശക്തിയോടെ ഉയര്‍ന്നുവരണം.

'കേരളത്തിലും ഫാസിസം വിത്തുവിതച്ചു':ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ കേരളത്തിലും ഫാസിസം ഭീതിയുടെ വിത്തുവിതച്ചിരിക്കുന്നു. ആരും എപ്പോള്‍ വേണമെങ്കിലും അന്യായമായി തുറുങ്കിലടക്കപ്പെടാമെന്ന ഭീതി മലയാളികള്‍ക്കിടയിലുമുണ്ട്. എങ്കിലും ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്ന നടപടിയാണ് കേരളത്തിന്‍റേത്. കേരളത്തെ താറടിച്ചുകാട്ടി, മലയാള മണ്ണിന്‍റെ മുഖം വികൃതമാക്കി വരച്ചുകാട്ടാന്‍ മനപ്പൂര്‍വമായ പലശ്രമങ്ങളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഫാസിസത്തെ വേരോടെ ഉന്മൂലനം ചെയ്‌ത് പടിക്കുപുറത്താക്കാന്‍ കേരളം ശക്തമായ പ്രതിരോധം തീര്‍ക്കണം.

ഫാസിസത്തിന്‍റെ കൂലിപ്പട്ടാളമായി രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. ഇതിനാല്‍, ഒരു ബദല്‍ മാധ്യമ സംസ്‌കാരം ഇന്ത്യയില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. സാഹിത്യ രംഗം വാണിജ്യവല്‍കരിക്കപ്പെട്ടതോടെയാണ് പല എഴുത്തുകാര്‍ക്കും ആക്‌ടിവിസ്റ്റ് എന്ന വാല്‍ കൂടെ കൂട്ടേണ്ടി വന്നതെന്നും അരുന്ധതി റോയ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details