വയനാട്: അട്ടപ്പാടിയില്‍ ചരിത്രാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ പുരാവസ്‌തു വകുപ്പ് സംഘം സന്ദര്‍ശിച്ചു. പര്യവേഷണത്തിനുള്ള പ്രാഥമിക സാഹചര്യ പഠനങ്ങള്‍ക്കായാണ് സംഘം എത്തിയത്. പര്യവേഷണത്തിനുള്ള അനുമതി സെപ്‌റ്റംബറില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഏകദേശം 2000 മുതൽ 3000 വർഷം വരെ പഴക്കമുള്ള ചരിത്രശേഷിപ്പുകളാണ് പ്രദേശത്തുനിന്ന് കണ്ടെത്തിയതെന്നാണ് സംഘത്തിന്‍റെ വിലയിരുത്തല്‍. ചുണ്ണാമ്പുകല്ല് അരച്ചെടുത്ത് വൻ ചൂടിൽ തയ്യാറാക്കിയ നിറക്കൂട്ടുകളുപയോഗിച്ച് നിര്‍മിച്ച കളിമണ്‍ പാത്രങ്ങള്‍ ഈ പ്രദേശത്തെ മാത്രം പ്രത്യേകതയാണെന്നും അഭിപ്രായപ്പെട്ട ഗവേഷകര്‍ ഇത് മഹാശിലായുഗ സംസ്‌കാരമാണെന്നും ഇരുമ്പ് യുഗത്തിലേതാണെന്നുമാണ് കരുതുന്നത്.
അട്ടപ്പാടിയില്‍ ചരിത്രാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ മേഖലകളില്‍ സംസ്ഥാനപുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി പുരാതനകാലത്ത് ഇരുമ്പ് ഉരുക്കിയതിന്‍റെ അവശിഷ്‌ടങ്ങളും സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയുടെ പഴമയുടെ ആഴം കണ്ടെത്തുകയാണ് പുരാവസ്‌തു സംഘത്തിന്‍റെ ലക്ഷ്യം. സംസ്ഥാന പുരാവസ്‌തു വകുപ്പ് മലബാർ മേഖലാ വിഭാഗം ചുമതല വഹിക്കുന്ന കെ കൃഷ്‌ണരാജ്, ടി പി നിബിൻ, വിമൽകുമാർ, ഇ കെ ബിനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പത്ത് വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമായി ഡോ മണികണ്ഠൻ നടത്തിയ കണ്ടെത്തലുകളാണ് പുരാവസ്‌തു സംഘത്തെ പ്രദേശത്തേക്കെത്തിച്ചത്. ഷോളയാര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് ഗവേഷകരെ സ്വീകരിച്ചത്. പര്യവേഷണങ്ങള്‍ക്ക് ശേഷം പഞ്ചായത്തില്‍ ഒരു ചരിത്ര മ്യൂസിയം ആരംഭിക്കുമെന്നും ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് മുൻഗണന നൽകിക്കൊണ്ട് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂർത്തി പറഞ്ഞു.