വയനാട്: മാനന്തവാടി തലപ്പുഴയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ഫാമിലെ പന്നികളിൽ ചിലത് ചത്തതോടെയാണ് സാംപിൾ പരിശോധനക്ക് അയച്ചത്.
രോഗം മനുഷ്യരിലേക്ക് പടരില്ലെന്ന് മൃഗസംരക്ഷണ വകുപ്പും, ആരോഗ്യ വകുപ്പും അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ വയനാട്ടിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധനയും കർശന നിയന്ത്രണവും ഏർപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ അനുവദിക്കില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിർദേശം നൽകിയിരുന്നു. ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കാനും അണുവിമുക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.