തിരുവനന്തപുരം: പതിവുപോലെ ഇക്കുറി ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കില്ല. പുതുമഴ നനഞ്ഞ് പുത്തന്‍ യൂണിഫോമും പുതിയ ബാഗും പുസ്തകവുമായി സ്കൂളിലെത്തുന്ന കുട്ടികളെ കാണാനുമാവില്ല. പക്ഷേ അധ്യായനം മുടങ്ങാതിരിക്കാന്‍ കരുതലുമായി വിദ്യാഭ്യാസ വകുപ്പുണ്ട്. അധ്യാപകര്‍ ടിവി ചാനലിന്‍റെ സ്റ്റുഡിയോവിലും വിദ്യാര്‍ഥികള്‍ വീട്ടിലെ ടിവിക്ക് മുന്നിലും ക്ലാസുകളില്‍ ഹാജരാവും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തിന്‍റെ സ്കൂള്‍ വിദ്യാഭ്യാസം ഒന്നാകെ ഡിജിറ്റിലാവുകയാണ്. നേരത്തെ പല സര്‍വകലാശാലകളും ക്ലാസുകളും പരീക്ഷകളും ഓണ്‍ലൈനായി ആരംഭിച്ചിരുന്നെങ്കിലും ഒന്നു മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സമ്പ്രാദയവും ഒന്നാകെ ഡിജിറ്റിലാവുന്നത് ഇതാദ്യം.
ഡിജിറ്റല്‍ വിദ്യാഭ്യാസ നവീകരണത്തിന് തയ്യാറായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് - വിക്ടേഴ്‌സ് ചാനൽ പാഠം
ഒന്നു മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സമ്പ്രാദയവും ഒന്നാകെ ഡിജിറ്റിലാവുന്നത് രാജ്യത്ത് ഇതാദ്യം
![ഡിജിറ്റല്‍ വിദ്യാഭ്യാസ നവീകരണത്തിന് തയ്യാറായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് virtual education in through victers channel വിക്ടേഴ്‌സ് ചാനൽ വിക്ടേഴ്‌സ് ചാനൽ വാര്‍ത്തകള്‍ വിക്ടേഴ്‌സ് ചാനൽ പാഠം virtual education through victers](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7376466-659-7376466-1590665897687.jpg)
സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ സമ്പ്രാദായം തിരുത്തിക്കുറിക്കുമ്പോള്‍ അത് അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നത് സര്‍ക്കാര്‍ ചാനലായ വിക്ടേഴ്സ് വഴിയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയായ കൈറ്റിന്‍റെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നേതൃത്വത്തില്‍ എസ്‌സിഇആർടി, എസ്എസ്എ തുടങ്ങിയ വിവിധ ഏജൻസികളാണ് പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്.
പാഠഭാഗങ്ങള്‍ ദൃശ്യവത്കരിക്കുന്നതിന്‍റെ ജോലികള്‍ അന്തിമഘട്ടത്തിലാണ്. പരിമിതമായ സമയമാണ് ചിത്രീകരണത്തിന് ലഭിച്ചത്. പ്രഗത്ഭരായ അധ്യാപകരുടെ സംഘമാണ് പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒന്ന് മുതലുള്ള ക്ലാസുകൾക്കായി വിക്‌ടേഴ്‌സ് സ്റ്റുഡിയോയിലും പുറത്തുമായാണ് ചിത്രീകരണം നടക്കുന്നത്. അധ്യാപകര്‍ നേതൃത്വം നൽകുന്ന വാട്‌സ് ആപ്പ് കൂട്ടായ്മ വഴി വിദ്യാർഥികളുടെ പഠനപുരോഗതി വിലയിരുത്തും.