കേരളം

kerala

ETV Bharat / state

എം.ജി മാര്‍ക്ക് ദാനം; ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി

വിവാദത്തിനിടയാക്കിയ മാര്‍ക്ക് ദാനവുമായി വിയോജിക്കുന്ന നിലപാടാണ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്നാണ് സൂചന

എം.ജി മാര്‍ക്ക് ദാനം: പുനഃപരിശോധന വേണമെന്ന് മുഖ്യമന്ത്രി

By

Published : Oct 23, 2019, 9:46 AM IST

Updated : Oct 23, 2019, 12:44 PM IST

തിരുവനന്തപുരം:മാർക്ക്ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. സിൻഡിക്കേറ്റ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് മാർക്ക് നൽകിയതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. അദാലത്തിലൂടെയല്ല മാർക്ക് നൽകിയതെന്നും മന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടല്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ടെക് പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റ കുട്ടികള്‍ക്ക് അധികമാര്‍ക്ക് നല്‍കി ജയിപ്പിച്ചത് പുനപരിശോധിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന. മാര്‍ക്ക് ദാനം വിവാദമായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍, വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ് എന്നിവരുമായി മുഖ്യമന്ത്രി ഇക്കാര്യം ഇന്നലെ വിശദമായി ചര്‍ച്ച ചെയ്‌തിരുന്നു. വിവാദത്തിനിടയാക്കിയ മാര്‍ക്ക് ദാനവുമായി വിയോജിക്കുന്ന നിലപാടാണ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്നാണ് സൂചന. സര്‍ക്കാരിന് എം.ജി സര്‍വകലാശാല നല്‍കിയ റിപ്പോര്‍ട്ടും അതിന്മേല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തിയ അഭിപ്രായവും അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച.

പരീക്ഷാഫലം വന്നതിന് ശേഷം മാര്‍ക്കുദാനം നടന്നതില്‍ ചട്ടലംഘനമുണ്ടെന്ന വിലയിരുത്തലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തിയത്. അക്കാദമിക് കൗണ്‍സിലിന്‍റെ നിര്‍ദേശമില്ലാതെ സിന്‍ഡിക്കേറ്റ് നേരിട്ട് മാര്‍ക്ക് നല്‍കിയതിലും ചട്ടലംഘനമുണ്ട്. സിന്‍ഡിക്കേറ്റിന് ഇതിനുള്ള അധികാരമില്ല. എന്നാല്‍ ഇതൊന്നും മന്ത്രിയുടെയോ മന്ത്രിയുടെ ഓഫീസിന്‍റെയോ സമ്മര്‍ദത്തിലല്ലെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഈ നിലപാടിനോട് മുഖ്യമന്ത്രിയും യോജിച്ചതായാണറിയുന്നത്. മന്ത്രിയുടേയോ പ്രൈവറ്റ് സെക്രട്ടറിയുടെയോ ഇടപെടല്‍ മാര്‍ക്കുദാനത്തില്‍ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലാണ് ചര്‍ച്ചയിലുണ്ടായത്. സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം സിന്‍ഡിക്കേറ്റിനു മാത്രമേ തിരുത്താനാകൂ. അല്ലെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ തിരുത്തണം. ഇതൊക്കെ കണക്കിലെടുത്താണ് ഇക്കാര്യം സിന്‍ഡിക്കേറ്റ് വീണ്ടും പരിശോധിക്കട്ടെയെന്ന നിലപാട് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്.

Last Updated : Oct 23, 2019, 12:44 PM IST

ABOUT THE AUTHOR

...view details