പത്തനംതിട്ട:സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും, മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരൻ നാലാം പ്രതി. ആറന്‍മുള പുത്തേഴത്ത് ഇല്ലം സി.ആര്‍. ഹരികൃഷ്ണനാണ് പരാതിക്കാരൻ.
28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കുമ്മനം രാജശേഖരൻ ഉൾപ്പടെ ഒൻപത് പ്രതികൾക്കെതിരെയാണ് ആറൻമുള പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലക്കാട് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് രഹിത കോട്ടൺ മിക്സ് ബാനർ കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവർ തട്ടിപ്പ് നടത്തിയത് എന്നാണ് പരാതി.
കുമ്മനത്തിന്‍റെ പേഴ്‌സണല്‍ അസിസ്റ്റന്‍റ് ആയിരുന്ന പ്രവീണ്‍ വി.പിള്ള, പ്ലാസ്റ്റിക് രഹിത കോട്ടൺ മിക്സ് ബാനർ കമ്പനി ഉടമ പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയന്‍ സേവ്യര്‍, ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാര്‍, വിജയന്‍റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് പ്രതികള്‍.
വഞ്ചനാ കുറ്റം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2018 മുതൽ രണ്ട് വർഷത്തോളം പണം നൽകിയതായാണ് പരാതി. സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നും നിരവധി ആളുകളില്‍ നിന്ന് പണം വാങ്ങിയതായാണ് സൂചന. അതേ സമയം കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു.