ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കാതെ സഭാ നേതൃത്വം. സിസ്റ്റര്‍ ലൂസിക്ക് മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരിക്കുകയാണ് സഭയിപ്പോള്‍. വിലക്ക് ലംഘിച്ച് മാധ്യമങ്ങള്‍ക്ക് തുടര്‍ച്ചയായി അഭിമുഖം നല്‍കിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അച്ചടക്ക ലംഘനം നടത്തിയാല്‍ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കാരണം കാണിക്കല്‍ നോട്ടീസിലുണ്ട്.
ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റര്‍ ലൂസി കളപ്പുര പുസ്തകം പ്രസിദ്ധീകരിച്ചതും കാര്‍ വാങ്ങിയതും മദര്‍ സുപ്പീരിയറിന്‍റെ അനുമതിയില്ലാതെയാണ്. പുസ്തകം പ്രസിദ്ധീകരിച്ചത് വഴി സിസ്റ്റര്‍ അനാവശ്യ ചെലവുകള്‍ വരുത്തിയെന്നും കത്തില്‍ പറയുന്നു. സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി രാത്രി വൈകി മുറിയിലെത്തുന്നത് സിസ്റ്റര്‍ ശീലമാക്കി. അനുമതിയില്ലാതെ വനിതാ ജേര്‍ണലിസ്റ്റിനെ ഒരു രാത്രി മുറിയില്‍ താമസിപ്പിച്ചു. മുമ്പ് നല്‍കിയിരുന്ന വിശദീകരണങ്ങളിൽ വ്യക്തിപരമായ ന്യായീകരണം മാത്രമാണുള്ളതെനന്നും കത്തിൽ പറയുന്നു.