തൃശൂര്‍:ഭാര്യയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന ആപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. എരുമപ്പെട്ടി സ്വദേശിയായ മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബിയാണ് (33) അറസ്റ്റിലായത്. സ്‌ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിരുന്നു.
രണ്ടര വര്‍ഷം മുമ്പാണ് സെബി പാലക്കാട് സ്വദേശിയായ യുവതിയെ വിവാഹം ചെയ്‌തത്. 10 പവന്‍ സ്വര്‍ണം വിവാഹ സമയത്ത് വധുവിന്‍റെ കുടുംബം സ്‌ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു.
സെബിയ്‌ക്ക് പുറമെ വീട്ടുകാരും സ്‌ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ മാനസിക- ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതിയുടെ വീട്ടില്‍ ഇക്കാര്യങ്ങളൊന്നും അറിയിച്ചിരുന്നില്ല. സ്‌ത്രീധനത്തിന്‍റെ പേരില്‍ പീഡനം തുടര്‍ന്ന് കൊണ്ടിരിക്കെയാണ് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ആപ്പില്‍ പ്രചരിച്ചത്.
സംഭവത്തെ തുടര്‍ന്ന് യുവതി കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധന നടത്തി. യുവതിയുടെ ചിത്രങ്ങള്‍ ആപ്പില്‍ ഷെയര്‍ ചെയ്‌തതായും പൊലീസ് കണ്ടെത്തി.
യുവതികളുടെ നഗ്‌ന ചിത്രങ്ങള്‍ പരസ്‌പരം കൈമാറുന്ന ആപ്പാണിതെന്നും പൊലീസ് പറഞ്ഞു. പങ്കാളികളെ പരിചയപ്പെടുത്തി പരസ്‌പരം ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ചിലര്‍ ഈ ആപ്പ് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. വിഷയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അസിസ്റ്റന്‍റ് കമ്മിഷണര്‍ ടി.എസ് ഷിനോജിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
കേരളത്തില്‍ പെരുകുന്ന അശ്ലീല ചിത്ര പ്രചരണം: സമൂഹം അടുത്തിടെ കൂടുതലായി കേള്‍ക്കുന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള നഗ്‌ന ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചരണം. മറ്റുള്ളവരുടെ യഥാര്‍ഥ ചിത്രങ്ങള്‍ മാത്രമല്ല ഇത്തരത്തില്‍ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തും പ്രചരിപ്പിക്കുന്നത് അധികരിച്ചിരിക്കുകയാണിപ്പോള്‍.
ഏതാനും ദിവസങ്ങള്‍ മുമ്പാണ് തലസ്ഥാനത്തെ മലയന്‍ കീഴില്‍ നിന്ന് ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. യുവതിയുടെ വിവാഹം മുടക്കുന്നതിന് വേണ്ടി കാമുകന്‍ മോര്‍ഫ് ചെയ്‌ത യുവതിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. നാല് വര്‍ഷത്തിലേറെയായി യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞതിന് ശേഷം യുവതിയുടെ വിവാഹം ഉറപ്പിച്ചു.
ഇതിന് പിന്നാലെയാണ് യുവതിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്‌ത് യുവാവ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. പ്രണയിച്ചിരുന്ന സമയത്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളാണ് യുവാവ് മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് വിവാഹം ഉറപ്പിച്ച യുവാവിന്‍റെ വീട്ടിലെത്തി ഫോട്ടോകള്‍ കാണിക്കുകയും ചെയ്‌തു.
കോഴിക്കോടും അടുത്തിടെ സമാന സംഭവം:പയ്യോളിയിലും അടുത്തിടെയാണ് സ്‌ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പ്രതി അറസ്റ്റിലായത്. തിക്കോടി സ്വദേശി വിഷ്‌ണു സത്യനെയാണ് പൊലീസ് പിടികൂടിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം ആയിരത്തിലധികം ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയ വഴി മോര്‍ഫ് ചെയ്‌ത് പങ്കിട്ടിരുന്നു. ഇയാള്‍ക്കെതിരെ വിവിധയിടങ്ങളില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് വിഷയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇയാളുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.
also read:ബൈക്ക് യാത്രയിൽ 'കുടുങ്ങി' ബിഗ് ബിയും അനുഷ്‌ക ശർമയും ; നടപടിക്കൊരുങ്ങി മുംബൈ പൊലീസ്