തൃശൂർ: ലോക്ക് ഡൗൺ കാലം തീരുമ്പോൾ പുഴയിൽ ഉല്ലസിക്കാൻ പാഴ്‌കുപ്പികളാൽ ചങ്ങാടമൊരുക്കി കാത്തിരിക്കുകയാണ് തൃശ്ശൂർ ഏങ്ങണ്ടിയൂരിലെ ഒരുസംഘം യുവാക്കൾ. പ്രദേശത്തെ പുഴയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളാണ് ഇവർ ചങ്ങാടത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ലോക്ക് ഡൗൺ കാലം നൽകിയ നീണ്ട വിരസതയിൽ ഏതാനും യുവാക്കൾ മനസിൽ പാകപ്പെടുത്തിയ ആശയമാണ് പാഴ്ക്കുപ്പികളിലെ ചങ്ങാടം യാഥാർത്ഥ്യമാക്കിയത്. പുഴയെ മലിനമാക്കി ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മുളയും കയറും ചേർത്തൊരു ചങ്ങാടം എന്ന ചിത്രകലാ അധ്യാപകനായ സുധീഷ് പങ്കുവെച്ച ആശയത്തെ സുഹൃത്തുക്കളെല്ലാം അംഗീകരിച്ചതോടെയാണ് ചങ്ങാടം യാഥാർത്ഥ്യമായത്.
പാഴ്‌കുപ്പികളാല്‍ ചങ്ങാടമൊരുക്കി ഒരു കൂട്ടം യുവാക്കൾ
രണ്ടായിരത്തിലേറെ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് ചങ്ങാടം നിർമിച്ചത്
ലോക്ക് ഡൗൺ ലംഘിക്കാതെ മൂന്നുപേർ മാത്രം രണ്ടോമൂന്നോ മണിക്കൂർ സമയം നിർമാണ പ്രവർത്തനത്തിനിറങ്ങി. പുഴയിൽ നിന്ന് ശേഖരിച്ചതിനൊപ്പം പ്രദേശത്തെ ആക്രിക്കടയിൽ നിന്നുമായി ചങ്ങാടത്തിന് വേണ്ടിവന്നത് രണ്ടായിരത്തിലേറെ പ്ലാസ്റ്റിക് കുപ്പികൾ. കീറിയെടുത്ത മുളകൾ കയറുകൊണ്ട് കെട്ടി ഉല്ലാസ ബോട്ടിന് സമാനമായാണ് ചങ്ങാടത്തിന്‍റെ രൂപം. അതിനകത്ത് വിവിധ തട്ടുകളായി മൂടിയുള്ള കുപ്പികൾ ലംബമായി അടുക്കിവെച്ചു. പ്ലാസ്റ്റിക് കുപ്പികൾ വേറിട്ട് മാറാതിരിക്കാൻ മുകളിൽ തെർമ്മോക്കോളും മരപ്പലകയും ചേർത്ത പ്ലാറ്റ് ഫോമും ഇതിന് മുകളിലായി ചുറ്റും മുളകൊണ്ടൊരു കൈവരിയും ആയതോടെ പാഴ്ക്കുപ്പികളിലെ ചങ്ങാടം പൂർത്തിയായി. പത്തടി നീളവും ആറടി വീതിയുമുള്ള ചങ്ങാടത്തിൽ കുട്ടികളടക്കം പത്തുപേർക്ക് ഒരേസമയം പുഴയിലൂടെ തുഴഞ്ഞ് നീങ്ങാം. ചങ്ങാടത്തിന്‍റെ നിർമ്മാണത്തിന് പ്രോത്സാഹനമായി ചേറ്റുവ അസോസിയേഷൻ യുവാക്കൾക്ക് അംഗീകാരമായി ഫലകവും അയ്യായിരം രൂപയും സമ്മാനിക്കുകയും ചെയ്തു. ലോക്ക് ഡൗൺ കഴിയുന്നതോടെ ചങ്ങാടം നീറ്റിലിറക്കാൻ കാത്തിരിക്കുകയാണ് ഈ യുവാക്കൾ.