തൃശൂർ:ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി വയോധികയുടെ മാല മോഷ്‌ടിച്ച യുവതി പിടിയിൽ. തളിക്കുളം സ്വദേശി ലജിതയെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡിസംബർ രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി വയോധികയുടെ മാല മോഷ്‌ടിച്ചു: യുവതി പിടിയിൽ - മലയാളം വാർത്തകൾ
ജ്യൂസ് നൽകി വയോധികയെ ബോധരഹിതയാക്കിയ ശേഷം ഇവരുടെ മാല മോഷ്‌ടിക്കുകയും പിന്നീട് നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വയ്‌ക്കുകയും ചെയ്‌തു
തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ കാണാനെത്തി കാത്തിരിക്കുകയായിരുന്ന 60 വയസുള്ള സ്‌ത്രീയോട് മറ്റൊരു ഡോക്‌ടറെ കാണാനെന്ന വ്യാജേന അടുത്തിരുന്ന ലജിത സ്‌നേഹം നടിച്ച് ഉറക്കഗുളിക ചേർത്ത ജ്യൂസ് കുടിക്കാൻ നൽകുകയായിരുന്നു. ജ്യൂസ് കുടിച്ച സ്‌ത്രീ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ മടിയിൽ തലവച്ച് ഉറങ്ങിക്കൊള്ളാൻ പറഞ്ഞ ലജിത, ബോധരഹിതയായപ്പോൾ ഇവർ ധരിച്ചിരുന്ന മാല മോഷ്‌ടിക്കുകയായിരുന്നു. ഈ മാല പിന്നീട് ഇവർ നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് പണം വാങ്ങുകയും ചെയ്‌തു.
എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ ഈ മാല സ്വർണാഭരണമല്ലെന്ന് തെളിഞ്ഞതോടെ വ്യാജസ്വർണം പണയം വച്ചതിനും ലജിതക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ദൃശ്യങ്ങൾ നഗരത്തിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചതാണ് നിർണായക തെളിവായത്.