തൃശൂർ : മറ്റത്തൂർ വനാതിർത്തിയിൽ അമ്പനോളി വെള്ളച്ചാട്ടത്തിനടുത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ പരിക്കുകളോടെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കൊമ്പന് 13വയസ് ഉണ്ടാകും. തുമ്പിക്കൈയിലും വായിലും പരിക്കുണ്ട്. രക്തം കട്ടപ്പിടിച്ച നിലയിലാണ്. ഒന്നര മാസം മുൻപ് കുണ്ടായിയിൽ രണ്ട് പേരെ കുത്തിക്കൊന്ന കാട്ടാനയാണിതെന്ന് സംശയമുണ്ട്. കൂർത്ത കൊമ്പുകളിൽ രക്തക്കറയുണ്ട്.
ALSO READ:ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയില്‍
അതേസമയം ആനകൾ തമ്മിലുള്ള പോരാട്ടമോ പന്നിപ്പടക്കം കടിച്ചതോ ആകാം ചെരിയാന്‍ കാരണമെന്ന് സംശയമുണ്ട്. സമീപത്ത് കോഴിയുടെ മാംസാവശിഷ്ടങ്ങളും കിടക്കുന്നുണ്ട്. സമീപത്തെ കൃഷിയിടങ്ങളിൽ കാട്ടാനശല്യം കൂടിവരികയാണ്. കൊമ്പനാന ചെരിഞ്ഞുകിടക്കുന്ന ഈ ഭാഗത്ത് സാധാരണ കാട്ടാനകൾ അധികം വരാറില്ല.
കുറച്ചകലെയായി വാഴകൾ തിന്നതിന്‍റെ അവശിഷ്ടങ്ങളുണ്ട്. രാത്രികളിൽ ചിഹ്നം വിളി കേട്ടതായി സമീപവാസികൾ പറഞ്ഞു. തീറ്റ കഴിഞ്ഞ് പുലർച്ചയോടെ മടങ്ങുന്നതിനിടയിലായിരിക്കാം അപകടം എന്ന് സംശയിക്കുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം വ്യക്തത കൈവരുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോബിൻ ജോസ് പറഞ്ഞു.