കേരളം

kerala

ETV Bharat / state

പെരിങ്ങല്‍ക്കുത്തില്‍ കാട്ടാനക്കൂട്ടം കപ്പേള തകര്‍ത്തു ; പ്രദേശത്ത് മുമ്പും ആക്രമണങ്ങള്‍ - തൃശൂര്‍

വിശേഷ ദിവസങ്ങളില്‍ മാത്രം വിശ്വാസികളെത്തുന്ന കപ്പേളയാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്

Wild Elephant attack Chapel  Wild Elephant attack Chapel in Peringalkuthu  Wild Elephant attack  Wild Elephant  Wild Elephant herd  Athirappilly  കാട്ടാനക്കൂട്ടം കപ്പേള തകര്‍ത്തു  കപ്പേള തകര്‍ത്തു  കാട്ടാനക്കൂട്ടം  കാട്ടാന ആക്രമണങ്ങള്‍  ആക്രമണങ്ങള്‍  കപ്പേള  തൃശൂര്‍  അതിരപ്പിള്ളി
പെരിങ്ങല്‍കുത്തില്‍ കാട്ടാനക്കൂട്ടം കപ്പേള തകര്‍ത്തു

By

Published : May 5, 2023, 6:18 PM IST

തൃശൂര്‍ :അതിരപ്പിള്ളി പെരിങ്ങല്‍ക്കുത്തില്‍ കാട്ടാനക്കൂട്ടം കപ്പേള തകര്‍ത്തു. കെഎസ്ഇബിയുടെ കോമ്പൗണ്ടിലുള്ള ചെറിയ കപ്പേളയാണ് കാട്ടാനകൾ തകർത്തത്. വ്യാഴാഴ്‌ച രാത്രിയാണ് കാട്ടാനക്കൂട്ടം എത്തിയതും വെട്ടുകല്ലിൽ നിർമിച്ച കപ്പേള ആക്രമിച്ചതും.

മേൽക്കൂരയും മറ്റുമില്ലാത്ത വെട്ടുകല്ലില്‍ തീർത്ത കപ്പേളയായിരുന്നു ഇത്. വെള്ളിയാഴ്‌ച രാവിലെയാണ് പ്രദേശവാസികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റും ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം പ്രധാന കപ്പേളയുടെ 300 മീറ്റർ അകലെയുള്ള ഈ കപ്പേളയിൽ തിരുനാൾ ദിനങ്ങളിൽ മാത്രമാണ് വിശ്വാസികൾ എത്താറുള്ളത്. മാത്രമല്ല ഇവിടെ നേരത്തെയും ആനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

പെരിങ്ങല്‍ക്കുത്തിലെ കപ്പേള ആക്രമണത്തിന് മുമ്പ്

ചിന്നക്കനാലില്‍ വീണ്ടും ആക്രമണം :ചിന്നക്കനാല്‍ നിവാസികളുടെ പേടിസ്വപ്‌നമായിരുന്ന അരിക്കൊമ്പനെ പിടികൂടി നാളുകള്‍ക്കിപ്പുറം പ്രദേശത്ത് കഴിഞ്ഞദിവസം വീണ്ടും കാട്ടാന ആക്രമണം നടന്നിരുന്നു. ആക്രമണങ്ങൾ നടത്തിയിരുന്ന അരിക്കൊമ്പനെ പെരിയാർ റിസർവിൽ തുറന്ന് വിട്ടെങ്കിലും ചിന്നക്കനാൽ നിവാസികൾക്ക് കാട്ടാന ആക്രമണത്തിൽ നിന്ന് മോചനമായില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആക്രമണം. വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപം രാജന്‍റെ ഉടമസ്ഥതയിലുള്ള ഷെഡ്ഡാണ് ആനക്കൂട്ടം തകർത്തത്. കാട്ടാന ആക്രമണത്തിൽ ഷെഡ്ഡ് പൂർണമായും തകർന്നിരുന്നു.

മാത്രമല്ല ഷെഡ്ഡ് ആക്രമിച്ച ആനക്കൂട്ടം വിലക്കിലെ ചോലവന മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നതായും നാട്ടുകാർ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. ആക്രമണ സമയത്ത് വീട്ടുകാർ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ വൻ ദുരന്തവും ഒഴിവായി. മുൻപും ഈ ഷെഡ്ഡിന് നേരെ ആനയുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ ദൗത്യം നടപ്പിലാക്കിയ മേഖലയിൽ ചക്കക്കൊമ്പന്‍റെ നേതൃത്വത്തിൽ കാട്ടാനക്കൂട്ടം ചുറ്റി തിരിയുന്നതായും നാട്ടുകാർ അറിയിച്ചിരുന്നു.

രാജന്‍റെ സമീപവാസിയായ ആലീസിന്‍റെ കൃഷിയിടത്തിലെ വാഴ കൃഷിയും ആനക്കൂട്ടം തകർത്തിരുന്നു. നിലവിൽ വിലക്കിലെ ചോല വന മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് ആനക്കൂട്ടം. ചക്കക്കൊമ്പനും മൂന്ന് പിടിയാനകളും അടങ്ങുന്ന കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. അതേസമയം വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാൻ ഉന്നത തല യോഗം ചേരുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പരിഹാരവുമായി മധ്യപ്രദേശ് :അതിർത്തി ജില്ലകളിലെ ശല്യക്കാരായ കാട്ടാനകളെ തുരത്താൻ തേനീച്ച പ്രയോഗത്തിനായി മധ്യപ്രദേശ് സർക്കാർ തയ്യാറെടുത്തുവരികയാണ്. ഇതുപ്രകാരം ആനകളെ തുരത്താൻ പ്രദേശങ്ങളിൽ തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. സിധി, സിങ്‌ഗ്രൗളി, ഷാഹ്‌ദോൾ, അനുപ്പൂർ, ഉമരിയ, ദിൻഡോരി, മണ്ഡ്‌ല എന്നീ ജില്ലകളിലെ ഗ്രാമങ്ങളിലുള്ളവർക്കാണ് ഇതുപ്രകാരം സര്‍ക്കാര്‍ പ്രത്യേക നിർദേശം നൽകിയത്.

തുമ്പിക്കൈയിലും കണ്ണിലും തേനീച്ച കുത്തുമെന്നതിനാല്‍ ആനകൾക്ക് പൊതുവെ തേനീച്ചകളെ ഭയമാണ്. അതുകൊണ്ടുതന്നെ ഈ ബലഹീനത ആയുധമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇതിനായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ അതിന്‍റെ പ്രധാന 'ഹണി മിഷൻ' പരിപാടിയിലൂടെ, മൊറേന ജില്ലയിലെ 10 ഗുണഭോക്താക്കൾക്ക് 100 തേനീച്ചപ്പെട്ടികൾ കഴിഞ്ഞ വർഷം വിതരണം ചെയ്‌തിരുന്നു. മാത്രമല്ല സംസ്ഥാനത്തിന്‍റെ കിഴക്കൻ ഭാഗത്തെ ആളുകൾക്കായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് സിസ്റ്റവും ഇതിനായി തയ്യാറാക്കിയതായും ഉദ്യോഗസ്ഥർ അറിയിക്കുന്നു.

ABOUT THE AUTHOR

...view details