കേരളം

kerala

ETV Bharat / state

തൃശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു; നെഞ്ചിലിടിയേറ്റ് നിലത്ത് വീണ രാജീവിനെ 2 തവണ പന്നി കുത്തി - തൃശൂരിൽ കാട്ടുപന്നി

വന്യജീവി ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വീട്ടുപറമ്പിൽ നാളികേരം പെറുക്കുകയായിരുന്ന വയോധികൻ കാട്ടുപന്നി ആക്രമണത്തിൽ മരണപ്പെട്ടു

wild boar attack  wild boar  wild boar attack death thrissur  person died after being attacked by a wild boar  wild boar attack thrissur  കാട്ടുപന്നി  കാട്ടുപന്നി ആക്രമണം  തൃശൂരിൽ കാട്ടുപന്നി  വന്യജീവി ആക്രമണം
കാട്ടുപന്നി ആക്രമണം

By

Published : May 28, 2023, 4:17 PM IST

തൃശ്ശൂര്‍ : വരവൂർ തളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തളി വിരുട്ടാണം സ്വദേശി പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവ് (61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം.

വീട്ടുപറമ്പിൽ നാളികേരം പെറുക്കി കൂട്ടുന്നതിനിടയിൽ കാട്ടുപന്നി രാജീവിന്‍റെ നെഞ്ചിലിടിക്കുകയായിരുന്നു. നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തി. ഇതിന് ശേഷം പന്നി ഓടി മറഞ്ഞു. നിലവിളി കേട്ട് ഓടി വന്ന വീട്ടുകാർ രാജീവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുറുക്കന്‍റെ ആക്രമണം :കഴിഞ്ഞ ദിവസം കോട്ടയം ചക്കാമ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി കുറുക്കന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. നടുവിലാമാക്കൽ ബേബി, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ് കുറുക്കൻ അക്രമിച്ചത്. ബേബിയ്‌ക്ക് ആക്രമണത്തിൽ മുഖത്ത് ഗുരുതരമായ പരിക്കേൽക്കുകയും ഇയാളുടെ ഒരു വിരൽ ഭാഗികമായി കുറുക്കൻ കടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

കാട്ടുപോത്തുകളെടുത്തത് മൂന്ന് പേരുടെ ജീവൻ : കഴിഞ്ഞ കുറച്ച് മാസങ്ങളായി മനുഷ്യർക്ക് നേരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം കേരളത്തിൽ വർധിച്ചിരിക്കുകയാണ്. മെയ്‌ 19ന് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കോട്ടയത്ത് രണ്ട് പേരും കൊല്ലത്ത് ഒരാളും കൊല്ലപ്പെട്ടിരുന്നു. എരുമേലിയിലുണ്ടായ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ചാക്കോ (65), തോമസ് (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്തുവച്ചും തോമസ് ചികിത്സക്കിടയിലും മരണപ്പെടുകയായിരുന്നു. പറമ്പിൽ റബർ വെട്ടുകയായിരുന്ന തോമസിനെയാണ് കാട്ടുപോത്ത് ആക്രമിച്ച ശേഷം പരിക്കേറ്റ വിവരം തോമസ് തന്നെയാണ് ഫോണിലൂടെ അയൽവാസികളെ അറിയിച്ചത്. പിന്നാലെ റോഡരികിലെ വീടിന്‍റെ സിറ്റൗട്ടില്‍ ഇരിക്കവെ ചാക്കോയേയും കാട്ടുപോത്ത് ആക്രമിച്ചു.

രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്തിന്‍റെ ആക്രമണത്തിനെതിരെ പ്രദേശവാസികൾ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രദേശത്ത് റോഡ് ഉപരോധം ഉൾപ്പെടെ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

കൊല്ലത്തെ വന്യജീവി ആക്രമണം : എരുമേലിയിൽ രണ്ട് പേർ മരണപ്പെട്ട ദിവസം തന്നെയാണ് കൊല്ലത്തും കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. ഇടമുളക്കൽ കൊടിഞ്ഞൻ സ്വദേശിയായ വർഗീസിന് (60) നെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിൽ നിൽക്കുമ്പോൾ രണ്ട് കാട്ടുപോത്തുകൾ വർഗീസിനെ കുത്തുകയായിരുന്നു.

ആക്രമണമുണ്ടായതിന് ഒരു ദിവസം മുൻപാണ് വർഗീസ് വിദേശത്ത് നിന്ന് നാട്ടിലേക്കെത്തിയത്. ആക്രമണത്തിനിടെ കാട്ടുപോത്തിൽ ഒരെണ്ണം സ്ഥലത്ത് തന്നെ കുഴഞ്ഞുവീണ് ചത്തിരുന്നു. മറ്റേ കാട്ടുപോത്ത് തിരികെ വനത്തിലേക്ക് പോയതായും വനംവകുപ്പ് അറിയിച്ചു. ഇതിന് പുറമെ തൃശൂര്‍ ചാലക്കുടിയിലും ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മേലൂര്‍ വെട്ടുകടവ് ഭാഗത്താണ് കാട്ടുപോത്തിനെ കണ്ടതായി വിവരം ലഭിച്ചത്. ആളുകള്‍ ബഹളം വച്ചതോടെ കാട്ടുപോത്ത് വെട്ടുകടവ് പാലത്തിന് സമീപമുള്ള പറമ്പിലേക്ക് ഓടിക്കയറി അവിടെ നിലയുറപ്പിക്കുകയായിരുന്നു.

കരടിയെ പേടിച്ച് നിലമ്പൂർ : മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ആദിവാസി യുവാവിനെ കരടി ആക്രമിച്ചതായി പരാതി ലഭിച്ചതും അടുത്തിടെയാണ്. കാട്ടില്‍ തേനെടുക്കാൻ പോയ തരിപ്പക്കൊട്ടി കോളനി സ്വദേശിയ്‌ക്കാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെ കരടി ആക്രമിക്കുകയായിരുന്നു. കരടി, കാട്ടുപോത്ത്, കുറുക്കൻ, കടുവ, ആന തുടങ്ങി ജനവാസ മേഖലയിൽ വന്യമൃഗശല്യം അതിക്രമിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details