കേരളം

kerala

ETV Bharat / state

പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് കുറഞ്ഞു - സ്ലൂയിസ് ഗേറ്റ്

ഡാമിന്‍റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളിലൂടെയും ചാലക്കുടി പുഴയിലേക്ക് ജലം ഒഴുകിയിരുന്നത് നിലച്ചു.

പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് കുറഞ്ഞു

By

Published : Aug 12, 2019, 3:51 AM IST

തൃശൂര്‍: പെരിങ്ങൽക്കുത്ത് ഡാമിൽ നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ജലനിരപ്പ് കുറഞ്ഞു. ഇതോടെ ഡാമിന്‍റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളിലൂടെയും ചാലക്കുടി പുഴയിലേക്ക് ജലം ഒഴുകിയിരുന്നത് നിലച്ചു. നിലവിൽ ഡാമിന്‍റെ നാല് സ്ലൂയിസ് ഗേറ്റുകളിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് ജലം പുഴയിലേക്ക് ഒഴുകുന്നത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു ക്രസ്റ്റ് ഗേറ്റുകളിലൂടെയുള്ള ജലമൊഴുക്ക് നിലച്ചത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 418.95 മീറ്ററാണ്. 424 മീറ്ററാണ് ഡാമിന്‍റെ പൂര്‍ണ സംഭരണശേഷി. ഡാമിന്‍റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളും ഏറ്റവും താഴത്തെ നിലയിൽ ക്രമീകരിച്ചിരിക്കുകയാണ്. ഡാമിൽ വെള്ളം സംഭരിക്കുന്നതിന് പകരം ഒഴുകിയെത്തുന്ന വെള്ളം അതേ അളവിൽ നേരെ ചാലക്കുടി പുഴയിലേക്ക് ഒഴുകിപ്പോകുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് കുറഞ്ഞു

തമിഴ്‌നാട് ഷോളയാർ ഡാം നിലവിൽ പൂർണ സംഭരണശേഷിയിലാണെങ്കിലും അധിക ജലം തമിഴ്‌നാടിന്‍റെ തന്നെ പറമ്പിക്കുളം ഡാമിലേക്ക് ഒഴുക്കുകയാണ്. സംഭരണ ശേഷിയുടെ 49.2 ശതമാനം മാത്രം ജലമുള്ള കേരള ഷോളയാറിലേക്ക് ഒഴുക്കുന്നില്ല. കേരള ഷോളയാർ തുറന്നാൽ മാത്രമാണ് ആ ജലം പെരിങ്ങൽക്കുത്തിലേക്ക് ഒഴുകിയെത്തുക. പെരിങ്ങൽക്കുത്തിലേക്ക് നീരൊഴുക്ക് കുറഞ്ഞാൽ ഇപ്പോൾ തുറന്ന രണ്ട് സ്ലൂയിസ് ഗേറ്റുകളും അടക്കുമെന്ന് കെഎസ്‌ഇബി അധികൃതർ അറിയിച്ചു. ഡാമിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് രണ്ട് പവർ ഹൗസുകളിലും പൂർണതോതിൽ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details