തടവുകാരെ മർദ്ദിച്ചെന്ന് പരാതി; വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ
ജയിൽ ജീവനക്കാർ അകാരണമായി മർദ്ദിക്കുന്നു എന്ന് തടവുകാർ പരാതി നൽകിയിരുന്നു.
തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ തടവുകാരെ മർദ്ദിച്ചുവെന്ന പരാതിയിൽ സൂപ്രണ്ടിന് സസ്പെൻഷൻ. സൂപ്രണ്ട് എസ് സജീവനെയാണ് ജയിൽ ഡിഐജിയുടെയും ജയിൽ ഡിജിപിയുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ സസ്പെൻഡ് ചെയ്‌തത്. ജയിൽ ജീവനക്കാർ അകാരണമായി മർദ്ദിക്കുന്നു എന്ന് തടവുകാർ കൂട്ടമായി പരാതി നൽകിയതിനെ തുടർന്ന്, കഴിഞ്ഞ മാസം 19 ന് ഡിജിപി ഋഷിരാജ് സിങ് ജയിലിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു. പരാതി ബോധ്യപ്പെട്ട ഡിജിപി അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർമാരായ മൂന്ന് പേരെ സസ്പെൻഡ് ചെയ്യുകയും 38 പേരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിഐജിയോട് ഡിജിപി നിർദേശിച്ചിരുന്നു. സൂപ്രണ്ട് എസ് സജീവനിൽ നിന്നും മേൽനോട്ടക്കുറവുണ്ടായതാണ് ഇതിന് കാരണമെന്നും ഗുരതരമായ വീഴ്‌ചയുണ്ടായെന്നുമുള്ള ഡിഐജിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡിജിപി നൽകിയ നടപടി ശുപാർശാ റിപ്പോർട്ടിലാണ് സസ്പെൻഷൻ.